സ്വർ​​ഗ്​ഗാരോപിത

സ്വർ​​ഗ്​ഗാരോപിത

ഫാ. തോമസ് പാട്ടത്തില്‍ചിറ CMF

പാവന ജീവിതമാതൃകയാല്‍
പാരിടം പരിപൂതമാക്കുവാനായ്
പാലകന്‍ ദൈവം തിരഞ്ഞെടുത്തു
പാവമാ നസ്രത്തുകന്യകയെ.
പരിശുദ്ധ റൂഹയാല്‍ തന്നുദരം
പരിപൂരിതമായ മാത്രേയവള്‍
പാരില്‍ കൃപാവരദാനങ്ങള്‍ തന്‍-
പാരമലംകൃതകൂടാരമായ്!
പുണ്യങ്ങളല്ലികളായുള്ള വെണ്‍-
പുഷ്പമായ് മണ്ണിലവള്‍ വിരിഞ്ഞു!
പൂര്‍ണ്ണമായ് ദൈവത്തിനേകി സ്വയം
പൂജിതമായൊരു കാണിക്കയായ്!
പാര്‍ത്തലേ ജീവിച്ച കാലങ്ങളില്‍
പരോപകാരിയായ് സേവനത്തിന്‍-
പട്ടാട ചുറ്റിത്തിടുക്കമോടേ,
പദയാത്ര ചെയ്തവള്‍ നാടുനീളേ,
പങ്കത്തിലായ് ചുവടൂന്നിനില്‍ക്കും-
പങ്കജം പോലെയീ പാപഭൂവില്‍
പാപകളങ്കമേശാതെയവള്‍
പവിത്രയായ് മേവി, തന്നന്ത്യംവരെ.
പരിമളഗന്ധിയാമാ സുമത്തെ,
പറ്റമായെത്തിയ മാലാഖമാര്‍,
പവിഴാഭയേറുന്ന പല്ലക്കിലായ്
പരലോകത്തേയ്ക്കായങ്ങാനയിച്ചു!
പാരതന്ത്ര്യത്തിന്‍ വിലങ്ങുകളെ
പാടേ തകര്‍ത്തയവള്‍ക്കു നാകം,
പരമോദാത്തമാം സ്വാതന്ത്ര്യത്തിന്‍-
പാരിതോഷികമേകിയാദരിച്ചു,
പത്തിവിടര്‍ത്തിയപാപമാം വന്‍-
പാമ്പിനെ തന്‍ മൃദുകോമളമാം-
പാദതാരാല്‍ നിഹനിച്ചു വിണ്ണിന്‍-
പന്ഥാവൊരുക്കി മാലോകര്‍ക്കവള്‍!
പുഞ്ചിരിതൂകിപ്പരിലസിക്കും
പുകള്‍പൊറ്റൊരമ്മേ, മേരിനാഥേ,
പൂന്തേനൊഴുകും നിന്‍ സന്നിധാനം
പൂകുന്നു ഞങ്ങളും താഴ്മയോടേ,
പാണികളില്‍ നിന്നനുഗ്രഹത്തിന്‍-
പനിനീര്‍ദളങ്ങളനുസൃതമായ്
പകരണേ, തവസ്നേഹപല്ലവികള്‍
പാടിസ്തുതിക്കുമീ നിന്‍ സുതരില്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org