തിരുപ്പാഥേയം

തിരുപ്പാഥേയം

കവിത

വര്‍ഗ്ഗീസ് പുതുശ്ശേരി

ഗലീല കടലതില്‍ ശോണിമ ചാര്‍ത്തിയ സായാഹ്ന സന്ധ്യയായ് !
പകലവന്‍ പൊയ്പ്പോയ്! പനിമതി പാലൊളി തൂകിയ വേളയായ്!

നൗകയിലേറിയ യേശുവും ശിഷ്യരും മറുകര പറ്റിയ നേരത്ത് ദര്‍ശിച്ചു;
തിരുവചസ്സുകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന ജനസഹസ്രങ്ങളെ!

നാഥന്‍ അരുള്‍ചെയ്തു,"വിശ്വസിച്ചീടുക! താതനയച്ചൊരു തന്‍ തിരു സൂനുവേ;
"പാതയും സത്യവും ജീവനും ഞാന്‍ തന്നെ" സംശയം വേണ്ടഹോ!

സ്നേഹിക്കാം വൈരിയെ മിത്രത്തെ പോലവേ സന്തതം മാനസേ!
പിതാവിന്‍ തിരുഹിതം പാലിക്കുവോര്‍ക്കെന്നും പുല്‍കിടാം സായൂജ്യമെന്നുമേ"!

രാപ്പാടി പാടുന്നു! എന്നെ ശ്രവിച്ച ജനതതിക്കെന്തു നല്‍കീടുമെന്‍ ശിഷ്യരേ?
"ഉണ്ടൊരു ബാലന്‍റെ കൂടയില്‍ നാലഞ്ചു ബാര്‍ലിയപ്പമതും രണ്ടു മത്സ്യങ്ങളും"

"ഒട്ടുമേ ശങ്കിക്കവേണ്ടെന്‍റെ അന്ത്രയോസ്", ഗുരുനാഥന്‍ മൊഴിഞ്ഞു –
"ഇരിക്കട്ടെ പന്തിയായ്! വട്ടത്തില്‍, പല പല കൂട്ടമായ് പുല്‍ത്തകിടിയില്‍!

എടുത്തു കരങ്ങളില്‍ മീനിനെ; അപ്പത്തെ, പ്രാര്‍ത്ഥിച്ചു കണ്‍കളുയര്‍ത്തീട്ട് –
പെരുകുന്നു തുരുതുരെ അപ്പവും മത്സ്യവും; അല്ല ഇതെന്തൊരു അത്ഭുതം!

അനന്തമവര്‍ണ്യമാം വിസ്മയം ദര്‍ശിച്ചു, പുരുഷാരം സാശ്ചര്യം!
ഭക്ഷിച്ചു തൃപ്തരായ്! ആയ്യായിരം വരും പുരുഷന്മാര്‍ മാത്രമേ!

ശേഖരിച്ചല്ലോ! അതിമിച്ചമായ് വന്നൊരാ അപ്പവും മത്സ്യവും!
നിറഞ്ഞു കവിഞ്ഞല്ലോ! കുട്ടകള്‍ ശേഷിച്ചു പന്ത്രണ്ടിലധികമായ്

ശാശ്വത ജീവന്‍ നിത്യായുസ്സതേകുന്ന സ്വര്‍ഗ്ഗീയ ഭോജ്യമായ് –
തീര്‍ന്നൊരാ നാഥന്‍റെ വചസ്സുകള്‍ കേട്ടവര്‍ ധന്യരായ്! തൃപ്തരായ്!

ജനക്കൂട്ടം തന്നിലായ് തെല്ലുമേ കാപട്യമേശാത്തൊരു ബാലന്‍
സ്നേഹമോടെയമ്മ തന്നൊരു പാഥേയം യേശുവിന്‍ കൈകളിലെത്തിയ വേളയില്‍

പ്രാര്‍ത്ഥനാ മന്ത്രം പൊഴിച്ച് തെരുതെരേ കുട്ട നിറഞ്ഞു കവിഞ്ഞൊരാ മാത്രയില്‍
ചുംബനം നല്‍കി മനതാരില്‍ ചേര്‍ത്തു! തിരുപാഥേയം തന്ന തന്‍ അരുമയാം അമ്മയെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org