തുടിക്കുന്ന പൂക്കൾ

തുടിക്കുന്ന പൂക്കൾ

കവിത   (രീതി: കേക)

ഫാ. ജോസഫ് ചിറ്റിലപ്പിള്ളി

അമ്മയോടൊപ്പം ഞാനും പള്ളിയില്‍ പോകുന്നേരം
അമ്മതന്‍ കരങ്ങളില്‍ പൂക്കള്‍ ഞാന്‍ കണ്ടതോര്‍മ്മ
മാതാവിന്‍ സ്വരൂപത്തില്‍ പൂക്കള്‍ സമര്‍പ്പിച്ചീടും
രൂപത്തില്‍ തൊട്ടുമുത്തി എന്നെയും മുത്തിച്ചീടും.

പഠിക്കും നാളുകളില്‍ മാതാവിന്‍ കാല്ക്കല്‍ പൂക്കള്‍
അര്‍പ്പിച്ചു തൊട്ടുമുത്താന്‍ അമ്മയിന്‍ മാതൃകയില്‍
പൂക്കള്‍ പറിക്കുവാനും രൂപത്തിലര്‍പ്പിക്കാനും
അമ്മ പഠിപ്പിച്ചല്ലോ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍

ഹൈസ്കൂളിന്‍ നാളുകളില്‍ മുറ്റത്ത് പൂന്തോട്ടവും
നട്ടു വളര്‍ത്തീടുവാന്‍ അമ്മതന്‍ മാതൃകയായ്.
മാതാവിന്‍ തൃപ്പാദത്തില്‍ അര്‍പ്പിക്കാന്‍ പൂക്കള്‍ക്കായി
മുറ്റത്ത് ഉദ്യാനമായി എന്‍ കരവേലയാലേ

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദര്‍ശന ക്യാമ്പില്‍ ഞാനും
ഉത്സാഹത്തോടെ ചേര്‍ന്നു പുതിയ ലോകം കണ്ടു
പൂച്ചെടി വളര്‍ത്തുന്ന ക്ലാസ്സുകള്‍ ആകര്‍ഷകം
ചെടികള്‍ ഏറ്റുവാങ്ങി നട്ടതുവളര്‍ത്തീടുവാന്‍

റോസച്ചെടിയോടൊപ്പം വെന്തിയും ജമന്തിയും
ഉണ്ടമല്ലിച്ചെടിയും പൂക്കളോ സമൃദ്ധമായ്
കണ്ണിനും കൗതുകവും മോഹങ്ങള്‍ ജനിപ്പിക്കും
മനസ്സില്‍ ആഹ്ലാദമോ കോരിത്തരിപ്പിച്ചീടും

ബാലപൂന്തോട്ടത്തിന്‍റെ സമ്മാനം തേടിയെത്തി
എന്‍ തോട്ടം കാണുവാനായ് കൂട്ടുകാര്‍ ഓടിയെത്തി
പൂന്തോട്ടം നിര്‍മിക്കാനും പൂച്ചെടി വളര്‍ത്താനും
എന്‍തോട്ടം മാതൃകയായ്, നാടാകെ പ്രസിദ്ധമായ്.

കാലങ്ങള്‍ മാറി വന്നു ഇന്നെന്‍റെ പള്ളിയിലോ
പ്ലാസ്റ്റിക് പൂക്കളല്ലോ അര്‍പ്പണവസ്തുക്കളായ്
വാടിക്കരിയില്ലവ ദീര്‍ഘനാള്‍ ആകര്‍ഷകം
ജീവന്‍റെ തുടിപ്പുകള്‍ തെല്ലുമവക്കില്ലല്ലോ!

കാണുവാന്‍ മനോഹരം, പൂക്കടപൂക്കളല്ലേ
അള്‍ത്താര നിറയ്ക്കുന്നു ആര്‍ഭാടം വിരിയുന്നു,
നട്ടുവളര്‍ത്തിടാത്ത, സ്വേദകണമേല്ക്കാത്ത
അര്‍പ്പിക്കും സമ്മാനമോ നമ്മള്‍ തന്‍ ഹൃത്തടവും!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org