ഉപാസന

ഉപാസന

കവിത

പുഷ്പം വര്‍ഗീസ്

സ്നേഹസാന്ദ്രമാം സങ്കീര്‍ത്തനങ്ങളാല്‍
വിശ്വചക്രവാളങ്ങള്‍ തരളിതമാകവേ
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്ത്വം
സന്മനസ്സുള്ളോര്‍ക്ക് സമാധാനമേകി
അവതീര്‍ണ്ണനായി കാലിത്തൊഴുത്തില്‍
ഉലകിന്നുടയോനാം ഉയിരിന്‍റെ നായകന്‍
ആരാധ്യദേവന് അഭിവാദ്യമേകി
അണ്ഡകടാഹങ്ങള്‍ അണിനിരന്നു.
പൂന്തേനരുവികള്‍ പൊന്‍മലമേടുകള്‍
പാരിന്‍റെ നാഥനെ തൊഴുതു നിന്നു.
ഈശന്‍റെ പൂന്തോപ്പില്‍ സേചനം ചെയ്യുവാന്‍
വാരിളം തെന്നല്‍ അണിഞ്ഞൊരുങ്ങി
കണ്‍ചിമ്മി നീങ്ങുന്ന താരകറാണിമാര്‍
അര്‍ച്ചനാ പൂക്കളാല്‍ ആരാധിച്ചു.
ഭക്ത്യാ നമിച്ചു ജ്ഞാനികള്‍ മൂവരും
ധൂപാര്‍പ്പണം ചെയ്താരാധിച്ചു.
പ്രായേണ പാര്‍ത്താല്‍ ഇന്നാര്‍ക്കാണ് യോഗ്യത
പൊന്നുണ്ണി ഈശോ തന്‍ പുല്‍ക്കൂട് പുല്‍കുവാന്‍
സത്രങ്ങള്‍ പണിയുന്നു താഴിട്ട് പൂട്ടുന്നു
കാപട്യം കൈമുതലാക്കിയ ഫരിസേയര്‍
ഈശോ വരണേ എന്ന് നൊന്ത് പ്രാര്‍ത്ഥിക്കുവിന്‍
നിര്‍മ്മലചിത്തരായ് അര്‍ച്ചന ചെയ്യുവിന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org