ഉയിർപ്പ്

ഉയിർപ്പ്

വിജയലക്ഷ്മി

കവിത

തൂവെളിച്ചം പുതച്ച മെയ്യോടെ,
ദൂരമേറെക്കടന്നു വന്നെത്തി
ഒപ്പമാരിതാ നമ്മളോടൊപ്പം
സത്യമായ് പങ്കുവയ്ക്കുന്നിതപ്പം?

മേഘമുക്തം നിലാവുപോലെത്തി
സ്നേഹകാരുണ്യദീപ്തമായ് നോക്കി
ഒപ്പമാരിതാ നമ്മളോടൊപ്പം
സ്വസ്ഥമായ് നടക്കുന്നു നിശ്ശബ്ദം?

ശോണമാത്തളിര്‍ക്കൈപ്പത്തിയിപ്പോള്‍
ആണിയാല്‍ നിണച്ചോപ്പേറ്റതെന്നാല്‍,
ആയതില്‍ നിന്നുമാശിസ്സു ശാന്തം
താണിളം തണുപ്പായ് പരക്കുമ്പോള്‍,
ആ മുഖത്തെ, പ്രകാശത്തെ,യിപ്പോള്‍
ആനയിക്കെ നാമുള്ളിന്‍റെയുള്ളില്‍,
നിര്‍മ്മലം നമിച്ചെത്തുന്ന കണ്ണീര്‍
നമ്മിലെ കയ്പുനീരു മായ്ക്കുമ്പോള്‍,
അന്തമില്ലാത്ത നോവുമായ്ക്കുമ്പോള്‍,
അന്തരംഗമാനന്ദമാക്കുമ്പോള്‍,

പച്ചവെള്ളവും മുന്തിരിച്ചാറിന്‍
മട്ടില്‍ മാധുര്യമായി മാറുമ്പോള്‍,
തൊട്ടുനില്‍ക്കുവോനുള്ള ദാഹത്തിന്‍
തൊട്ടിയില്‍ വീണിരട്ടിയാകുമ്പോള്‍,

അല്ല സ്വപ്നമ, ല്ലിങ്ങുയിര്‍ക്കുന്നൂ
നമ്മില്‍ നിത്യനായ് ശ്രീയേശുദേവന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org