വഴിയമ്മ

വഴിയമ്മ

സാന്‍റി മിറ്റത്താനി

മുറിവേറ്റ് അര്‍ത്ഥപ്രാണനായ്
അഭയം തെണ്ടി അലയുമ്പോള്‍;
വഴികളും മിഴികളും വാക്കുകളും
വാതിലുകളും അവസാനിയ്ക്കുന്നിടത്ത്;
അകലെ വെണ്‍മയില്‍ നിന്നൊരു പ്രകാശം.

അവിടെ മതില്‍ക്കെട്ടുകളില്ല,
ഇരുമ്പു വാതിലുകളില്ല,
വാതിലില്‍ മുട്ടേണ്ട.

കര്‍മ്മബോധത്തിന്‍റെ വെണ്‍മയില്‍
തീക്ഷണതയുടെ നീലരാജികള്‍ പായുന്ന നീളന്‍ചേല
നഗ്നമായ പാദങ്ങള്‍.

ഇടതു കൈയില്‍ ഹൃദയത്തിലൊട്ടി
വേദ പുസ്തകത്തിനൊപ്പം
ഒരു തെരുവു ജന്മവും
നീട്ടിത്തരുന്ന വലത്തു കൈപ്പടം…

ഈ തിരുമുമ്പിലാകാം
ലോകത്തിന്‍റെ കണ്ണുനീര്‍
ഏറ്റവും കൂടുതല്‍ വീണു നനഞ്ഞത്.
ഈ തൃക്കാല്‍ക്കലാകാം
ഏറ്റവും കൂടുതല്‍ മെഴുകുതിരികള്‍
കത്തി കത്തി ഉരുകിയുരുകി ഒഴുകിയത്.
മനസ്സുകള്‍ തണുത്തു ശാന്തമായി
സുശ്ശാന്തിയില്‍ വിലയം പ്രാപിച്ചത്.
അതുകണ്ടിട്ടാകാം ഭൂമിദേവി
ആനന്ദാശ്രുക്കള്‍ പൊഴിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org