വെടിയുണ്ടകളുടെ വിലാപം

വെടിയുണ്ടകളുടെ വിലാപം

സജീവ് പാറേക്കാട്ടില്‍

പാവം, വെടിയുണ്ടകള്‍
പിളര്‍ക്കാന്‍ പോകുന്ന ഹൃദയത്തിലെ
സ്നേഹപ്രപഞ്ചത്തെക്കുറിച്ച്
അവയ്ക്ക് ഒന്നുമറിയില്ലായിരുന്നു.
നഗ്നമായ മാറിടത്തില്‍ മറഞ്ഞിരിക്കുന്ന
മനുഷ്യസ്നേഹത്തിന്‍റെ മഹാനദികളെയോ,
ഉള്ളിലെ ശ്രീകോവിലില്‍ പള്ളികൊള്ളുന്ന
പരമാനന്ദസ്വരൂപനെയോ
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ
അസ്തമിപ്പിച്ച ചിദാകാശസൂര്യനെയോ
മദഭരിതമായ മതാത്മകതയില്‍
മനം നൊന്തുള്ള നിലവിളികളെയോ
ഒടുവിലത്തെ ഭാരതീയനും വേണ്ടിയുള്ള
നിറമുള്ള കിനാക്കളെയോ കുറിച്ചൊന്നും
അവയ്ക്കറിയില്ലായിരുന്നു.

അറിഞ്ഞിരുന്നെങ്കില്‍,
പിസ്റ്റളില്‍നിന്നും പായുന്നതിനിടെ
ഒരു നറുപുഷ്പമായോ
പൊന്‍പരാഗമായോ
ശുഭ്രതാരകമായോ
വെള്ളരിപ്പിറാവായോ പരിണമിച്ച്
ആ ഹൃദയത്തിലവ കൂടൊരുക്കിയേനെ
കസ്തൂര്‍ബപോലും പൂര്‍ണ്ണമായറിയാത്ത
ഹൃദയരഹസ്യങ്ങളെ പുല്കി
നിര്‍മ്മലമായ ഹൃദയരക്തത്തില്‍ കുളിച്ച്
പുറത്തെത്തിയപ്പോഴാണ് അബദ്ധമറിയുന്നത്.
അപ്പോഴെയ്ക്കും എല്ലാം അവസാനിച്ചിരുന്നു.
പിന്നോട്ടു മറിഞ്ഞുവീഴവെ ഉരുവിട്ട
'റാം റാം' എന്ന സ്നേഹമന്ത്രത്തിനും
നിലയ്ക്കാതുയര്‍ന്ന നിലവിളികള്‍ക്കുമിടയില്‍
അവയുടെ വിലാപം വെറുതെയായി.

നോക്കൂ,
വെടിയുണ്ടകള്‍ എപ്പോഴും വെളിപ്പെടുത്തുന്നത്
ക്രോധവും വെറുപ്പുമല്ല
നിര്‍മ്മലമായ സ്നേഹം നിറഞ്ഞുതുളുമ്പുന്ന
ഹൃദയത്തില്‍ തറച്ച്, ചിലപ്പോഴെങ്കിലും
അവ വല്ലാതെ ചിതറുന്നുണ്ട്.
അതുകൊണ്ടാണ്, കൊല്ലാന്‍ കഴിയുമ്പോഴും
പലപ്പോഴും അവ തോറ്റുപോകുന്നത്.
ചിലപ്പോഴെങ്കിലും
അവ ഉതിര്‍ക്കുന്നത് വിലാപഗാനങ്ങളല്ല,
അനന്തകാലത്തേക്കുള്ള അമരഗീതങ്ങളത്രെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org