Latest News
|^| Home -> Poems -> ‘വീട്ടമ്മ’യ്ക്ക് പുല്ലിംഗമില്ല

‘വീട്ടമ്മ’യ്ക്ക് പുല്ലിംഗമില്ല

Sathyadeepam

ജോസ് മഴുവഞ്ചേരി

അമ്മമാര്‍ക്കില്ലയൊരിക്കലും പുഞ്ചിരി
അമ്മിഞ്ഞ പോല്‍ നെഞ്ചിലേറ്റുന്നു നൊമ്പരം
തറവാടിന്‍ ഏടതില്‍ പേരില്ല പോകട്ടെ
പറയില്ല പരിഭവം, ഗദ്ഗദം പോലുമെ.

മകളുടെ വേളിയും, മകനുടെ പഠനവും
സകലതും നിശ്ചയം കണവന്‍റെയിച്ഛയില്‍
വീടു പുതുക്കലും, വായ്പയെടുക്കലും
ഈടു കൊടുക്കലും ആരറിഞ്ഞീടുവാന്‍?

തലയിവിടെയുള്ളപ്പോള്‍ വാലനങ്ങുന്നുവോ
തലമുറയായി നാം ശീലിച്ച ചൊല്ലുകള്‍
ഒരു ചെറുകാറ്റിന്‍റെ തോളത്തിലേറുന്ന
കരിയില പോലവേ ഒരു നാളില്‍ വന്നവള്‍

ഇരുളിന്‍റെ ചീളുകള്‍ ചിതറിയ പുലരിയില്‍
ഒരു ദിനം വിരിയുന്നു പുരളുന്ന കരിയുമായ്
പുറമെയുള്ളങ്കണ മൂലയില്‍ നിന്നൊരു
വിറകു കൊളുത്തി തുടങ്ങുന്നു ദിനസരി.

അയലത്തെ ജനലുകള്‍ വിടരുന്നതിന്‍ മുന്‍പ്
കഴിയണം ചൂലിന്‍റെ ചിത്രമെഴുത്തുകള്‍
പ്രാതലിന്‍ കൂട്ടിനായ് അരിയണം ധിറുതിയില്‍
പാതിയുണങ്ങിയ കോലുകള്‍, കായകള്‍.

കതിരവന്‍ ഇരുളിന്‍റെ മറനീക്കിയുണരവേ
പതിയുടെ പതിവുകള്‍ പതിയെയൊരുക്കണം
പിടിയുള്ള പാത്രമായ് ഝടുതിയില്‍ നീങ്ങവേ
പടിയതില്‍ കേള്‍ക്കുന്നു പാല്‍ക്കാരന്‍ കാഹളം

ചായയില്‍ തേയിലയല്‍പ്പം കുറഞ്ഞെന്നാല്‍
വായയില്‍ വന്നത് കാതതില്‍ വാങ്ങണം
ഉപ്പുമാവെങ്ങാനുമുണ്ടാക്കിയാല്‍ പിന്നെ
തുപ്പുന്നു മേശയില്‍ മാവും ശകാരവും

പത്രപാരായണം കഴിയുന്ന മാത്രയില്‍
സൂത്രത്തിലോതണം വാങ്ങേണ്ട വാണിഭം
കാറൊന്നു കഴുകുവാന്‍ വിട്ടുപോയാല്‍ മഴ-
ക്കാറുപോല്‍ ഇരുളുന്നു പ്രിയനുടെ പൂമുഖം.

പേരക്കിടാവിനെ തട്ടിയുണര്‍ത്തണം
നേരത്തിനൊപ്പിച്ച് പാലും പാഥേയവും
വസ്ത്രങ്ങള്‍ തേയ്ക്കണം, പല്ല് തേയ്പ്പിക്കണം
പുസ്തകം സഞ്ചിയില്‍ കുത്തിതിരുകണം.

ജോലിക്കുപോകുന്ന പുത്രന്‍റെ പാദുകം
താലത്തിലെന്നപോല്‍ സൂക്ഷിച്ചു നല്‍കണം
എല്ലാരും പോയാലോ, സുഖമല്ലെയമ്മയ്ക്ക്
ചൊല്ലുമ്പോള്‍ ശരിയല്ലേ, പണിയില്ലാ പെമ്പ്രന്നോള്‍.

മുറികള്‍ അടിക്കണം, വസ്ത്രമലക്കണം
മോറണം പാത്രങ്ങള്‍, ചോറുമൊരുക്കണം
മുറ്റത്തെ ചെടികള്‍ക്ക് വെള്ളമൊഴിക്കണം
ചുറ്റുവട്ടത്തുള്ള മാലിന്യം നീക്കണം.

വായു പിടിച്ചോടും മീന്‍കാരന്‍ പിന്നാലെ
പായണം ചട്ടിയും, നൂറിന്‍റെ നോട്ടുമായ്
ചെത്തിയെടുക്കണം, കല്ലിലുരയ്ക്കണം
കുത്തിയ വറ്റല്‍, കുടമ്പുളി ചേര്‍ക്കണം.

ഒരുയുരുള ചോറങ്ങു കയ്യിലെടുക്കുമ്പോള്‍
മരുമോള്‍ വിളിക്കുന്നൂ യൂഎസില്‍ നഴ്സൊരാള്‍
കുഞ്ഞിന്‍റെ ചുമയെന്തായ്, ഡോക്ടറെക്കാണിച്ചോ
മഞ്ഞത്തിറക്കല്ലേ, ലീവില്ല വന്നീടാന്‍.

സായാഹ്നമെത്തിയാല്‍ തുടരുന്നു ജോലികള്‍
പായുന്ന വണ്ടിയിലെത്തുന്നു പേരമോള്‍
പണികഴിഞ്ഞെത്തുന്ന പുത്രനഴിക്കുന്ന
തുണികളെടുക്കുവാന്‍ പിന്നാലെ നീങ്ങണം.

ഭര്‍ത്താവ് വന്നെത്തും മിത്രത്തിന്‍ തോളിലായ്
കര്‍ത്താവേ ഇന്നത്തെ പ്രാര്‍ത്ഥന ‘സ്വാഹ’യായ്,
കൊച്ചുമുറിയിലെ മച്ചിലെ വെട്ടത്തില്‍
ടച്ചിങ്ങായ് വെയ്ക്കണം അച്ചാറിന്‍ പിഞ്ഞാണം.

ശരിയാണ് ‘വീട്ടമ്മ’ പുല്ലിംഗമില്ലാപദം
പര്യായം ‘കുടുംബിനി’ ഭാഷയില്‍ ഏകസ്ഥ.
ആരോട് പറയുവാന്‍ നാരിതന്‍ യാതന
ഉരുവിടും കൊന്തയില്‍ മാതാവില്‍ ആശ്രയം.

Leave a Comment

*
*