യാത്ര

യാത്ര

ജോസ് കൊച്ചുപുരയ്ക്കല്‍, ചെമ്പ്

രണ്ടുണ്ട് യാത്രകള്‍ നമുക്ക് –
രണ്ടും നമ്മളറിയാത്ത യാത്രകള്‍
ദൂരമറിയില്ല, പാതയറിയില്ല, ചുമലറിയില്ല,
രണ്ടും നമ്മെ ചുമന്നുള്ള യാത്രകള്‍.
ഒന്ന് ജീവോദയത്തിന്‍റെ യാത്ര;
മറ്റൊന്നു ജീവാസ്തമയത്തിന്‍റെയും.

ആദ്യത്തെ യാത്ര – ജ്ഞാനസ്നാന യാത്ര;
വെള്ളയുടുപ്പിട്ട് പൊട്ടും കുറിയും തൊടീച്ച്,
അമ്മ തന്‍ ഉമ്മ മൂര്‍ദ്ധാവിലേറ്റി.
നെഞ്ചോട് ചേര്‍ന്ന് പറ്റിയമര്‍ന്ന്,
ഞാന്‍ മാത്രം കരയുന്ന
മറ്റെല്ലാവരും ചിരിക്കുന്ന ആദ്യയാത്ര!

ബാല്യത്തിലേക്കൊരു ചുവടു പിന്നെ,
ചോദ്യാവലികളുടെ ഘോഷയാത
എല്ലാവരെയും പൊറുതിമുട്ടിക്കുന്ന കാലം
അമ്മ തന്‍ സാരിത്തുമ്പിലും, അച്ഛന്‍റെ
കൈവിരല്‍ തുമ്പിലും, ലോകം കറങ്ങുന്ന നാളുകള്‍

മീശ മുളയ്ക്കുന്ന, അംഗലാവണ്യങ്ങള്‍ വിരിയുന്ന
കാലം തൊട്ടു പിന്നാലെ-
സൃഷ്ടിയെയും സ്രഷ്ടാവിനെയും
ചോദ്യത്തിലൊതുക്കാന്‍ വെമ്പുന്ന കാലങ്ങള്‍

പിന്നെയൊരു മുപ്പതാണ്ടുകള്‍ അരങ്ങു തകര്‍ക്കാന്‍-
വീറും, പോരും, കരുത്തും, പെരുകുന്ന നേരങ്ങള്‍
വാശികള്‍, ഈര്‍ഷ്യകള്‍, വൈരവും, വെറിയും
സാത്താനിഷ്ടങ്ങള്‍ മുന്‍പേ ഗമിക്കുമ്പോള്‍
സാധുജനങ്ങള്‍ സമാധാനത്തിനായി ഒരുങ്ങിടുമ്പോള്‍,

വരവായ്-
അറുപതാണ്ടുകള്‍ക്കപ്പുറത്തേക്ക്
ഒരു എത്തി നോട്ടം
ചരമ കോളങ്ങള്‍ ഇടവിടാതെ നോക്കിടുന്ന കാലം
എല്ലാവരെയും കണ്ടു മരിച്ചാല്‍ ഭാഗ്യമെന്നും
കാണാതെ മരിച്ചാല്‍ നിര്‍ഭാഗ്യമെന്നും പുലമ്പിടുന്നു.

കഥാവശേഷനാകുന്നു മനുഷ്യനിവിടെ –
ആരോ പുതപ്പിച്ച വെള്ള വസ്ത്രത്തില്‍
ആരാലോ ചുമന്നു കൊണ്ടുപോകുന്നു
ഞാന്‍ മാത്രം കരയാതെ
ചുറ്റുമുള്ളവര്‍ എല്ലാരും കരയുന്ന
നമ്മുടെ അവസാന യാത്ര!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org