കൂടെ നീ വേണം

കൂടെ നീ വേണം

ഏ.കെ. പുതുശ്ശേരി

കൂടെ നീ വേണം ചായ കുടിക്കാന്‍,
കൂടെയില്ലെങ്കില്‍ സ്വാദില്ല.
കൂടെ നീ വേണം സ്വപ്നം കാണാന്‍,
കൂടെയില്ലെങ്കിലോ ദുസ്വപ്നം.
പാടുക വേണം ആടലകറ്റാന്‍,
റോഡിലിറങ്ങാനും വേണം നീ,
കായ്കറി വാങ്ങാന്‍ പാചകം ചെയ്യാന്‍,
കാശു കൊടുക്കാനും നീ വേണം.
മുണ്ടുടുക്കുമ്പോള്‍ ശബ്ദമുണ്ടാക്കി,
തുമ്പുപിടിക്കാന്‍ വേണം നീ.
ആരു വന്നാലും കാരിയം ചൊല്ലാന്‍,
ചാരുതയോടെ നീ വേണം.
ജോലിക്ക് പോകുമ്പോള്‍ ശീലക്കുട-
തോളിലിടാനും നീ വേണം.
ഉച്ചത്തെ ഭക്ഷണം കൊച്ചുപാത്രത്തില്‍
വച്ചുതരാനും നീ വേണം.
ഉച്ചത്തില്‍ പച്ചിലകത്രികപോലെ,
ഒച്ചയുണ്ടാക്കാനും വേണം നീ.
വേതനം കിട്ടുമ്പോള്‍ പൂതന പോലെ,
ചോദിച്ചിടാനും വേണം നീ.
ബീഡി വലിക്കേ വേണ്ടെന്നോതി,
താടിക്ക് തട്ടാനും നീ വേണം.
ആലസ്യം കൊണ്ടു ഞാന്‍ തൂങ്ങിയിരിക്കേ,
ചൂലെടുത്തീടാന്‍ നീ വേണം.
കാടിളക്കീടും മദയാനപോലെ,
ഓടിച്ചിടാനും നീ വേണം.
അത്താഴം വേണ്ടെന്നു ചൊന്നാലോ,
കുത്തുവാക്കോതാന്‍ നീ വേണം.
നിദ്രയില്ലാതെ ജാഗരം കൊണ്ടാല്‍,
ഛിദ്രമുണ്ടാക്കാനും വേണം നീ.
രോഗം വന്നാല്‍ ആശ്വാസത്തിന്‍
രാഗം പാടാനും വേണം,
എണ്ണപുരട്ടി കുളിക്കാനും,
കണ്ണേ നീയെന്‍ കൂടെ വേണം.
ഒട്ടുമുറങ്ങാതെ വേപഥു കൊള്ളുമ്പോള്‍,
കെട്ടിപുണരാന്‍ നീ വേണം.
കഞ്ഞികുടിക്കാന്‍ ഞാന്‍ മടിഞ്ഞാല്‍,
മുഞ്ഞിവീര്‍പ്പിക്കാനും വേണം നീ.
സുന്ദരിയാണു നീ വല്ലഭ തന്നെ,
അഞ്ജന കണ്ണുള്ള കന്നാലി,
എന്തിനുമേതിനും നീ വേണം.
ചിന്തയില്‍ പന്തമെരിയുന്നു,
ഇട്ടെറിഞ്ഞിട്ട് നീ പോയാലോ,
പൊട്ടനെപ്പോലെ അലയും ഞാന്‍,
പോകല്ലേ പോകല്ലെ കണ്‍മണിയേ,
ചാകാനും നീ കൂടെ വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org