Latest News
|^| Home -> National -> കല്ലിലും കവിത തീര്‍ക്കുന്ന കലാകാരന്‍ ഈ ഇടയന്‍

കല്ലിലും കവിത തീര്‍ക്കുന്ന കലാകാരന്‍ ഈ ഇടയന്‍

Sathyadeepam

”നിങ്ങള്‍ക്ക് ഇത് വെറുതെ നിലത്തു കിടക്കുന്ന മാര്‍ബിള്‍ കഷണം, എന്നാല്‍ ഞാനിതില്‍ കാണുന്നത് മാലാഖയെയാണ്. അതിനെ സ്വതന്ത്രമാക്കുവോളം ഞാന്‍ പണിയെടുത്തുകൊണ്ടേയിരിക്കും”. പരുപരുത്തു മണ്ണില്‍ കിടന്ന കല്ലിനെ നോക്കി പ്രസിദ്ധനായ മൈക്കിളാഞ്ചലോ പറഞ്ഞ വാക്കുകളാണിത്. ഉള്ളില്‍ കലയുള്ളവന് കല്ലിലും കവിത രചിക്കാനാവും. ഈ സര്‍ഗാത്മകതയാണ് നാം വസിക്കുന്ന ഭൂമിയെ കൂടുതല്‍ സുന്ദരമാക്കുന്നതും. സെപ്തംബര്‍ 8 ന് പരി. കന്യകാ മാതാവിന്റെ ജനനത്തിരുനാള്‍ ദിനത്തില്‍ അദീലാബാദ് രൂപതയുടെ ചാവറ പാസ്റ്ററല്‍ സെന്ററില്‍ പുതുതായി പണി കഴിപ്പിച്ച ഒരു ഗ്രോട്ടോയുടെ വെഞ്ചിരിപ്പു കര്‍മ്മം നടന്നു.

അതിലിപ്പോ എന്താ ഇത്ര വാര്‍ത്ത എന്നാണെങ്കില്‍ ?

ഗ്രോട്ടോ പിറന്ന വഴികള്‍ അറിഞ്ഞാല്‍ മതി. കോവിഡ് ലോക്ക് ആക്കിയ നമ്മുടെയെല്ലാം ജീവിതങ്ങള്‍ അകത്തളങ്ങളില്‍ ആയി. യാത്രകള്‍ ചുരുങ്ങി. താന്‍ താമസിക്കുന്ന മന്ദിരത്തോട് ചേര്‍ന്നുള്ള ചാവറ പാസ്റ്ററില്‍ സെന്ററിന്റെ ചുറ്റുവട്ടത്തിനുള്ളില്‍ വെറുതെ നടക്കാനിറങ്ങിയ രൂപതാധ്യക്ഷൻ അഭിവന്ദ്യപ്രിന്‍സ് പാണേങ്ങാടന്‍ പിതാവും കണ്ടു മണ്ണില്‍ വെറുതെ കിടക്കുന്ന കുറച്ചു കല്ലുകള്‍. കല്ലുകള്‍ കണ്ട മാത്രയില്‍ അദ്ദേഹത്തിന്റെ മനസിലേക്ക് വന്നത് ഒരു സൃഷ്ടിക്കായുള്ള പ്രചോദനമാണ്. തന്റെ പറമ്പിലെ വെറുതെ കിടക്കുന്ന കല്ലുകള്‍ ഓരോന്നും പെറുക്കി കൂട്ടി ഈ കോവിഡ് കാലത്ത് സ്വന്തം കൈകൊണ്ട് ചാന്ത് കുഴച്ച് പ്രിന്‍സ് പിതാവും കൂട്ടാളികളും മാതാവിനുവേണ്ടി ഒരു ഗ്രോട്ടോ നിര്‍മ്മിക്കാനാരംഭിച്ചു. ആര്‍ക്കിടെക്ടും, എഞ്ചിനീയറും, പണിക്കാരനും എല്ലാം പിതാവ് തന്നെ. കൂടെ കുറച്ചു യുവാക്കളും, സഹപ്രവര്‍ത്തകരായ അച്ചന്മാരും. കോവിഡ് അടച്ചിട്ട ജീവിതത്തില്‍ പാഴായി കിടന്ന കല്ലുകളില്‍ നിന്ന് ഉഷഃകാല താരമായ കന്യകയ്ക്ക് സുന്ദരമായ ഒരു കൂടാരം, കല്ലുകള്‍ക്കിടയിലൂടെ നീരൊഴുക്ക്, താഴെ കൊച്ചു ജലാശയം. രാവും പകലും നിന്ന് പണിയെടുത്ത് സെപ്തംബര്‍ 8 ന് മാതാവിന്റെ ജന്മദിനത്തില്‍ ഒരു കൊച്ചു സമ്മാനമായി ഈ ഗ്രോട്ടോയുടെ വെഞ്ചിരിപ്പു കര്‍മ്മവും സമര്‍പ്പണവും മുന്‍ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ ജോസഫ് കുന്നത്ത് പിതാവ് നിര്‍വഹിച്ചു.

അപ്പോഴും മന്ദസ്മിതത്തോടെ പാഴ്കല്ലില്‍ കവിത കണ്ട കലാകാരന്‍ അഭിവന്ദ്യപ്രിന്‍സ് പാണേങ്ങാടന്‍ പിതാവ് സമീപത്തു  തന്നെയുണ്ടായിരുന്നു. മുപ്പത്തൊമ്പതാമത്തെ വയസ്സില്‍ അദീലാബാദ് രൂപതയുടെ മെത്രാനായ ബിഷപ്പ് പ്രിന്‍സ് പാണേങ്ങാടന്‍ സീറോ മലബാര്‍ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ പിതാവാണ്. 2015 ലാണ് അഭിവന്ദ്യ ജോസഫ് കുന്നത്തിനു ശേഷം അദ്ദേഹം രൂപതയുടെ സാരഥ്യം ഏറ്റെടുത്തത്.

Leave a Comment

*
*