*മുണ്ടകൻ പാടത്ത് ‘പൊൻമണി’ വിളഞ്ഞു; ആവേശമായി കൊയ്ത്തുത്സവം*

 *മുണ്ടകൻ പാടത്ത് ‘പൊൻമണി’ വിളഞ്ഞു; ആവേശമായി കൊയ്ത്തുത്സവം*

സത്യപ്രതിജ്ഞയ്ക്കു മുൻപ് നെല്ലുകൊയ്യാൻ പഞ്ചായത്ത് അംഗങ്ങളും

അങ്ങാടിപ്പുറം: ഹംസാക്കയും കുറുമ്പയും മാലതിയും പാടത്തേക്കിറങ്ങി,ഒപ്പം പഞ്ചായത്ത് മെംബർമാരും നാട്ടുകാരും.കയലിപ്പാടം പാടശേഖരസമിതിയുടെ നേതൃത്വത്തിൽ 45 ഏക്കർ വിളഭൂമിയിൽ മുണ്ടകൻ കൊയ്ത്തിനു തുടക്കമായി.പൊൻമണി ഇനത്തിലുള്ള വിത്താണ് വിളഞ്ഞത്.
പരിയാപുരം-തട്ടാരക്കാട് പോത്തുകാട്ടിൽ അബൂബക്കർ പാട്ടത്തിനെടുത്തു കൃഷിചെയ്ത പാടത്തായിരുന്നു കൊയ്ത്ത് ഉദ്ഘാടനം.
സത്യപ്രതിജ്ഞയ്ക്കു പഞ്ചായത്ത് ഓഫീസിലേക്കു പോകുന്നതിനു മുൻപ് നെല്ലുകൊയ്യാൻ പഞ്ചായത്ത് അംഗങ്ങളായ എം.കെ. കദീജ,അനിൽ പുലിപ്ര,വാക്കാട്ടിൽ സുനിൽബാബു,കെ.ടി.അൻവർ സാദത്ത് എന്നിവരെത്തി.കൃഷി ഓഫീസർ പി.സി.രജീസ്,പാടശേഖര സമിതി സെക്രട്ടറി യൂസഫ് പോത്തുകാട്ടിൽ,മനോജ് വീട്ടുവേലിക്കുന്നേൽ,പി.അബൂബക്കർ,സലാം ആറങ്ങോടൻ,പി.മുഹമ്മദ് ഹനീഫ,ടി.കെ.സുബ്രഹ്മണ്യൻ,ടി.കെ.മുഹമ്മദ്കുട്ടി എന്നിവരും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.
സർക്കാരിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും കൃഷിഭവൻ്റെയും പിന്തുണ കൃഷിക്കു പ്രോത്സാഹനമായെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു.വിത്ത് സൗജന്യമാണ്.മണ്ണൊരുക്കാനുള്ള കുമ്മായത്തിന് 75 ശതമാനം സബ്സിഡിയുണ്ട്.കൂലിച്ചെലവിൻ്റെ ഒരു വിഹിതവും കിട്ടി.കിലോയ്ക്ക് 27.48 രൂപ നിരക്കിൽ സപ്ലൈകോ നെല്ലുസംഭരിക്കുന്നതും കർഷകർക്കു താങ്ങായി. വൈക്കോലിനും നല്ല മാർക്കറ്റുണ്ട്.
'നടീലിനും കൊയ്ത്തിനുമുള്ള യന്ത്രങ്ങൾ കൂടി വേണം. കാട്ടുപന്നിയുടെയും മയിലിൻ്റെയും ശല്യവും പരിഹരിക്കണം.'-നെൽകൃഷി വ്യാപിപ്പിക്കാനും കൂടുതൽ ലാഭകരമാക്കാനും കഴിയുമെന്ന് കർഷകർ ഉറപ്പിച്ചു പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org