വത്തിക്കാന്‍ നയതന്ത്രവിഭാഗത്തിലെ വൈദികര്‍ ഒരു വര്‍ഷം മിഷണറിമാരാകണം

വത്തിക്കാന്‍ നയതന്ത്രവിഭാഗത്തിലെ വൈദികര്‍ ഒരു വര്‍ഷം മിഷണറിമാരാകണം

വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ ഉദ്യോഗസ്ഥരാകുന്നതിനു പരിശീലനം നേടുന്ന വൈദികര്‍ക്ക് ഒരു വര്‍ഷത്തെ മിഷണറി പ്രവര്‍ത്തനം നിര്‍ബന്ധമാക്കി. 2020-21 അദ്ധ്യയന വര്‍ഷം മുതല്‍ പാഠ്യപദ്ധതിയില്‍ ഇതനുസരിച്ചുള്ള മാറ്റം വരുത്തണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമി പ്രസിഡന്‍റായ ബിഷപ് ജോസഫ് മാരിനോയോടു നിര്‍ദേശിച്ചു. സഭയും ലോകവും നേരിടുന്ന പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനു ഭാവിയിലെ നയതന്ത്രജ്ഞര്‍ പൗരോഹിത്യ, അജപാലന പരിശീലനത്തിനും അക്കാദമിയിലെ സവിശേഷ പരിശീലനത്തിനും പുറമെ സ്വന്തം രൂപതയ്ക്കു പുറത്തുള്ള വ്യക്തിപരമായ ഒരു മിഷന്‍ അനുഭവവും നേടേണ്ടത് അത്യാവശ്യമാണെന്നു അക്കാദമി പ്രസിഡന്‍റിനയച്ച കത്തില്‍ മാര്‍പാപ്പ വ്യക്തമാക്കി.

വൈദിക നയതന്ത്രജ്ഞരുടെ പരിശീലന പദ്ധതിയില്‍ ഒരു മിഷന്‍ പ്രവര്‍ത്തനവര്‍ഷം ഉള്‍പ്പെടുത്തണമെന്ന ആഗ്രഹം ആമസോണ്‍ സിനഡിന്‍റെ സമാപനത്തിലാണ് താന്‍ ആദ്യമായി പ്രകടിപ്പിച്ചതെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇത്തരം മിഷന്‍ അനുഭവം എല്ലാ വൈദികര്‍ക്കും പ്രയോജനകരമാകും. എങ്കിലും, വിവിധ രാജ്യങ്ങളിലും സഭകളിലും പ. സിംഹാസനത്തിന്‍റെ പ്രതിനിധികളാകേണ്ടവര്‍ക്ക് ഈ അനുഭവസമ്പത്ത് കൂടുതല്‍ പ്രയോജനകരമാകും – മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org