പാവങ്ങള്‍ക്കു കാത്തിരിക്കാനാവില്ല ഫ്രാന്‍സിസ് മാര്‍പാപ്പ

പാവങ്ങള്‍ക്കു കാത്തിരിക്കാനാവില്ല ഫ്രാന്‍സിസ് മാര്‍പാപ്പ

പാവങ്ങള്‍ക്കു കാത്തിരിക്കാനാവില്ലെന്നും വിശപ്പ് ഇല്ലാതാക്കാനുള്ള അടിയന്തിരനടപടികള്‍ ലോകം സ്വീകരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷ്യ കൃഷി സംഘടനയുടെ പ്രസിഡന്‍റിനയച്ച കത്തിലാണ് വിശപ്പ് അവസാനിപ്പിക്കാനുള്ള അടിയന്തിര നടപടികളുടെ ആവശ്യകത മാര്‍പാപ്പ വ്യക്തമാക്കിയത്. 2030-ഓടെ വിശപ്പില്ലാത്ത ലോകം എന്നതാണ് യുഎന്നിന്‍റെ ലക്ഷ്യം. എന്നാല്‍ 12 വര്‍ഷം കാത്തിരിക്കുക എന്നതാകരുത് അതിന്‍റെ അര്‍ത്ഥമെന്നു മാര്‍പാപ്പ പറഞ്ഞു.

ഇന്നത്തെ പ്രവര്‍ത്തികളാണ് നാളെ നമ്മുടെ ഭാവിയായി മാറുന്നതെന്നു പാപ്പ ചൂണ്ടിക്കാട്ടി. 2030-ല്‍ വിശപ്പില്ലാത്ത ലോകം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഈ ലക്ഷ്യത്തെയംഗീകരിക്കുന്ന എല്ലാവരും മയക്കം വിട്ടുണരുകയും കര്‍മ്മരംഗങ്ങളിലേയ്ക്കിറങ്ങുകയും വേണം. ആവശ്യമായ ആഹാരം ആവശ്യമായ അളവിലും ഗുണത്തിലും ലഭ്യമാകാത്ത ഒരാള്‍ പോലുമുണ്ടാകരുതെന്ന ലക്ഷ്യം നിറവേറ്റാന്‍ എല്ലാവരും അവരുടെ പ്രതിബദ്ധത ഇരട്ടിയാക്കേണ്ടതുണ്ട്. പാവങ്ങള്‍ ആഗ്രഹിക്കുന്നത് അവരെ സ്വന്തം ദുരിതങ്ങളില്‍ നിന്നു പുറത്തു കടത്തുന്നതിനുള്ള ഫലപ്രദമായ സഹായമാണ്. അല്ലാതെ പ്രസ്താവനകളും കരാറുകളുമല്ല. സാങ്കേതികവിദ്യ, ശാസ്ത്രം, ആശയവിനിമയം, അടിസ്ഥാനസൗകര്യം എന്നിവയിലെല്ലാം ഈ നൂറ്റാണ്ടിലുണ്ടായ വന്‍ പുരോഗതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതേ നിലയ്ക്കുള്ള പുരോഗതി മാനവീകതയിലും മാനവൈക്യത്തിലും ഉണ്ടായിട്ടില്ല എന്നതും അതുവഴി അനേകരുടെ പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ലെന്നതും ലജ്ജാകരമാണ്. ദരിദ്രരുടെ യഥാര്‍ത്ഥമായ ആവശ്യങ്ങളെ നിറവേറ്റാന്‍ ഉതകുന്നതായിരിക്കണം നമ്മുടെ കര്‍മ്മപരിപാടികള്‍. വിശപ്പെന്ന വെല്ലുവിളിയെ നേരിടുന്നതിനു പ്രാദേശിക തലത്തിലും ആഗോളതലത്തിലും ഐക്യം സൃഷ്ടിക്കേണ്ടതുണ്ട് – മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org