മാര്‍പാപ്പായ്ക്ക് കഠിനാദ്ധ്വാനത്തിന്‍റെ ഒരാണ്ടു കൂടി

മാര്‍പാപ്പായ്ക്ക് കഠിനാദ്ധ്വാനത്തിന്‍റെ ഒരാണ്ടു കൂടി

പൗരോഹിത്യത്തിന്‍റെ അമ്പതാം വാര്‍ഷികം വിരുന്നു വന്ന 2019, 83 വയസ്സു പിന്നിട്ട ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു കഠിനാദ്ധ്വാനത്തിന്‍റേതായി തുടര്‍ന്നു. 2013 ല്‍ അധികാരമേല്‍ക്കുമ്പോള്‍ ലക്ഷ്യമിട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലും വെല്ലുവിളികള്‍ പരിഹരിക്കുന്നതിലും സമ്പൂര്‍ണവിജയം ഇനിയും നേടാനിരിക്കെ, തുടങ്ങിയ കാലത്തുള്ള അതേ ഊര്‍ജത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും മുന്നോട്ടു പോകുകയാണു മാര്‍പാപ്പ.

2019 ല്‍ പനാമ, യുഎഇ, മൊറോക്കോ, ബള്‍ഗേറിയ, നോര്‍ത്ത് മാസിഡോണിയ, റൊമേനിയ, മൊസാംബിക്, മഡഗാസ്കര്‍, മൗറീഷ്യസ്, തായ്ലന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തി. ആകെ 52,000 മൈലുകള്‍ ഇതിനായി പാപ്പ ആകെ സഞ്ചരിച്ചു.

ലൈംഗികചൂഷണവിവാദങ്ങള്‍ തുടരുന്നതും റോമന്‍ കൂരിയാ പരിഷ്കരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നതുമാണ് പാപ്പാ നേരിടുന്ന വെല്ലുവിളി. പാശ്ചാത്യസഭയെ പിടിച്ചുലയ്ക്കുകയും ബലഹീനമാക്കുകയും ചെയ്ത ലൈംഗികാപവാദകേസുകളില്‍ പ്രധാനപ്പെട്ട സഭാധികാരികള്‍ പോലും ഉള്‍പ്പെട്ട സംഭവങ്ങള്‍ പാപ്പയുടെ കാലത്തുണ്ടായി. ഇതു കൂടാതെയാണ് വത്തിക്കാന്‍ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തികവിവാദങ്ങള്‍. കൂരിയാ പരിഷ്കരണം നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നായിരുന്നു 2013-ല്‍ പൊതുവെ കരുതപ്പെട്ടിരുന്നതെങ്കിലും നിക്ഷിപ്തതാത്പര്യമുള്ളവരുടെ ചെറുത്തു നില്‍പു മൂലമാണ് ഇതു നടക്കാതെ പോയതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

പക്ഷേ ക്രൈസ്തവികതയ്ക്കും കത്തോലിക്കാസഭയ്ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ ആവേശവും ഊര്‍ജവും സമാനതകളില്ലാത്തതാണെന്ന കാര്യം ഏവരും സമ്മതിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വ്യക്തിത്വത്തിന്‍റെ ആകര്‍ഷകത്വവും ചൈതന്യവും യൂറോപ്യന്‍ രാജ്യങ്ങളില്‍ അനേകരെ കത്തോലിക്കാസഭയില്‍ സജീവമാകാന്‍ പ്രേരിപ്പിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org