നഴ്സുമാര്‍ ജീവന്‍ രക്ഷിച്ചതിനു കണക്കില്ല, അവര്‍ യഥാര്‍ത്ഥ ദൗത്യനിര്‍വാഹകര്‍ : ഫ്രാന്‍സിസ് മാര്‍പാപ്പ

നഴ്സുമാര്‍ ജീവന്‍ രക്ഷിച്ചതിനു കണക്കില്ല, അവര്‍ യഥാര്‍ത്ഥ ദൗത്യനിര്‍വാഹകര്‍ : ഫ്രാന്‍സിസ് മാര്‍പാപ്പ

നഴ്സുമാര്‍ രക്ഷിച്ചെടുത്ത മനുഷ്യജീവനുകള്‍ അസംഖ്യമാണെന്നും താനും ഒരു നിര്‍ണായക ഘട്ടത്തില്‍ ഒരു നഴ്സിന്‍റെ ഇടപെടല്‍ വഴി ജീവന്‍ വീണ്ടുകിട്ടിയ ആളാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 20 വയസ്സുള്ളപ്പോള്‍ തനിക്കു ഗുരുതരമായ രോഗബാധയുണ്ടായി. മരിക്കുമെന്ന ഘട്ടം വന്നു. അപ്പോള്‍ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന സി. കൊര്‍ണേലിയ കരാഗ്ലിയോ എന്ന കന്യാസ്ത്രീ ഇടപെട്ടു. അവര്‍ ഡോക്ടര്‍മാരുമായി തര്‍ക്കിക്കാന്‍ പോലും തയ്യാറായി. ഉത്തമബോദ്ധ്യത്തോടെ ധീരമായ ഒരു നിലപാടു സ്വീകരിക്കുകയായിരുന്നു സിസ്റ്റര്‍. സിസ്റ്റര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ചെയ്തു. അങ്ങനെ താന്‍ ജീവിതത്തിലേയ്ക്കു മടങ്ങി വന്നു. – മാര്‍പാപ്പ വിവരിച്ചു. വത്തിക്കാനില്‍ നഴ്സിംഗ് കോളേജുകളുടെ ഫെഡറേഷന്‍റെ ഒരു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ. നഴ്സ് എന്ന ജോലിയുടെ പ്രാധാന്യം എത്രയെന്നു വിശദീകരിച്ചുകൊണ്ടാണ് സ്വന്തം ജീവിതാനുഭവം അദ്ദേഹം പങ്കു വച്ചത്.

രോഗികളുമായി നിരന്തരമായും നേരിട്ടും ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത് നഴ്സുമാരാണെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. രോഗികളെ ഏറ്റവുമധികം ശ്രവിക്കുന്നത് നഴ്സുമാരാണ്. രോഗികളുടെ ആവശ്യങ്ങള്‍ അവര്‍ മനസ്സിലാക്കുന്നു. തുടര്‍ച്ചയായ ശ്രദ്ധയും വിവേചനവും ആവശ്യമുള്ള ജോലി. അതുകൊണ്ട് അവര്‍ മനുഷ്യത്വത്തില്‍ വിദഗ്ദ്ധരാകുന്നു, യഥാര്‍ത്ഥമായ ഒരു ദൗത്യത്തിന്‍റെ നിര്‍വാഹകരാകുന്നു. ദുര്‍ബലരെ അവഗണിക്കുകയും സമ്പത്തിന്‍റെയോ മറ്റോ അടിസ്ഥാനത്തില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കുന്നവരെ മാത്രം പരിഗണിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ നഴ്സുമാരുടെ ദൗത്യം കൂടുതല്‍ പ്രധാനമാകുന്നു. രോഗികളുമായുള്ള ബന്ധം നഴ്സുമാരെ മനുഷ്യജീവന്‍റെയും അന്തസ്സിന്‍റെയും പ്രോത്സാഹകരായി മാറ്റുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

അപകടസാദ്ധ്യതകളും ബുദ്ധിമുട്ടും നിറഞ്ഞതാണ് നഴ്സിംഗ് ജോലിയെന്നും അതിനാല്‍ നഴ്സുമാരോടു ക്ഷമാപൂര്‍വം ഇടപെടാന്‍ രോഗികള്‍ക്കു സാധിക്കണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org