കൈയ്ക്കു പകരം ഫോണ്‍ നീട്ടുന്ന യുവജനങ്ങളെ ചൊല്ലി ആശങ്കയെന്നു മാര്‍പാപ്പ

കൈയ്ക്കു പകരം ഫോണ്‍ നീട്ടുന്ന  യുവജനങ്ങളെ ചൊല്ലി ആശങ്കയെന്നു മാര്‍പാപ്പ

യുവജനങ്ങളെ സന്ദര്‍ശിക്കുന്നതിനെത്തുന്ന തന്നെ കാണുമ്പോള്‍ കൈ തരുന്നതിനു പകരം ഫോണുകള്‍ നീട്ടി സെല്‍ഫികളെടുക്കാന്‍ ശ്രമിക്കുന്ന യുവജനങ്ങള്‍ തന്നില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അവര്‍ ഒരു മിഥ്യാലോകത്തില്‍ ജീവിക്കുകയും അതില്‍ മാത്രം ആശയവിനിമയങ്ങള്‍ നടത്തുകയുമാണോ ചെയ്യുന്നതെന്നു ഞാന്‍ സംശയിക്കുന്നു. യഥാര്‍ത്ഥമായ മനുഷ്യബന്ധങ്ങള്‍ ഇല്ലാതാകുന്നത് ഗൗരവതരമാണ്. യാഥാര്‍ത്ഥ്യത്തെ സ്പര്‍ശിക്കുക. മിഥ്യാലോകം തരുന്ന നന്മകള്‍ ഉപേക്ഷിക്കാതെ തന്നെ. -മാര്‍പാപ്പ വിശദീകരിച്ചു. റോം രൂപതയിലെ ഒരു പള്ളിയിലേയ്ക്കു നടത്തിയ സന്ദര്‍ശനത്തിനിടെ യുവജനങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മാര്‍പാപ്പ.

മൂര്‍ത്തതയില്‍ വേരാഴ്ത്തി നില്‍ക്കുകയും സാമൂഹ്യബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യണമെന്നു യുവജനങ്ങളെ മാര്‍പാപ്പ ഉപദേശിച്ചു. കാരുണ്യ പ്രവൃത്തികള്‍ ചെയ്യുന്നത് യഥാര്‍ത്ഥ മനുഷ്യബന്ധങ്ങള്‍ അനുഭവിക്കുന്നതിനു സഹായിക്കുന്ന കാര്യമാണ്. യുവജനസിനഡിനൊരുക്കമായി റോമില്‍ യുവജനങ്ങളുമൊത്തു നടത്തിയ കൂടിക്കാഴ്ച്ച നല്ല അനുഭവമായിരുന്നുവെന്നു മാര്‍പാപ്പ പറഞ്ഞു. യുവജനങ്ങള്‍ സംസാരിക്കാന്‍ ധൈര്യപ്പെടുന്നവരാണ്. അവര്‍ക്കു ഗൗരവമേറിയ കാര്യങ്ങള്‍ സംസാരിക്കാന്‍ താത്പര്യമുണ്ട് – മാര്‍പാപ്പ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org