റോമിലെ പാവങ്ങള്‍ക്കു പാപ്പായുടെ ആംബുലന്‍സ്

റോമിലെ പാവങ്ങള്‍ക്കു പാപ്പായുടെ ആംബുലന്‍സ്

Published on

റോം നഗരത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള ഒരു ആംബുലന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശീര്‍വാദം സ്വീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. കാര്‍ഡിനല്‍ കോണ്‍റാഡ് ക്രജേവ് സ്കിയുടെ നേതൃത്വത്തിലുള്ള മാര്‍പാപ്പയുടെ ജീവകാരുണ്യപ്രവര്‍ത്തനവിഭാഗത്തിനാണ് ഇതിന്‍റെ ചുമതല. വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്‍റെ നമ്പര്‍ പ്ലേറ്റ് ഉള്ള ആംബുലന്‍സ് വത്തിക്കാന്‍റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള അപൂര്‍വം വാഹനങ്ങളിലൊന്നാകും.

സ്ഥാപനങ്ങള്‍ അപ്രാപ്യമായ വിധത്തില്‍ തീര്‍ത്തും നിരാലംബരായി കഴിയുന്ന പാവപ്പെട്ടവരെയാകും ആംബുലന്‍സ് കണ്ടെത്തി ശുശ്രൂഷിക്കുകയെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 1983-ല്‍ റോമിലെ ഒരു തെരുവില്‍ മരണമടഞ്ഞ മോഡെസ്റ്റ വലെന്തിയുടെ ദാരുണകഥ പത്രക്കുറിപ്പ് ഓര്‍മ്മിപ്പിച്ചു. തെരുവില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍, ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഈ വനിതയെ കൊണ്ടു പോകാന്‍ ആംബുലന്‍സുകള്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് തെരുവില്‍ കിടന്നു തന്നെ അവര്‍ മരണമടയുകയായിരുന്നു. ഇപ്പോള്‍ അവരുടെ പേരില്‍ റോമില്‍ ഒരു റോഡുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org