സുഹൃത്തിന്‍റെ മൃതസംസ്കാരത്തിന് സാധാരണക്കാരനായി മാര്‍പാപ്പ

സുഹൃത്തിന്‍റെ മൃതസംസ്കാരത്തിന് സാധാരണക്കാരനായി മാര്‍പാപ്പ

അല്മായ വനിതയും തന്‍റെ സുഹൃത്തുമായിരുന്ന മരിയ ഗ്രാസ്യ മാരായുടെ മൃതസംസ്കാര ചടങ്ങിലേയ്ക്കു മുന്‍കൂട്ടി അറിയിക്കാതെ എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ചടങ്ങു തീരുന്നതു വരെ ഒരു സാധാരണ വിശ്വാസിയുടെ രീതിയില്‍ അതില്‍ പങ്കുകൊണ്ടു. റോമിലെ ഒരു സര്‍വകലാശാലയില്‍ അദ്ധ്യാപികയായിരുന്നു നെല്ല എന്നറിയപ്പെടുന്ന 95 കാരിയായ പരേത. മൃതദേഹം വച്ചിരുന്ന പള്ളിയിലെത്തി, പൂക്കള്‍ അര്‍പ്പിച്ച മാര്‍പാപ്പ അടുത്തുള്ള കസേരയില്‍ ഇരുന്നു. സംസ്കാരചടങ്ങില്‍ മുഖ്യകാര്‍മ്മികനായി നിശ്ചയിച്ചിരുന്നത് സ്ഥലത്തെ സഹായമെത്രാനെയാണ്. അദ്ദേഹമെത്തി, വി.കുര്‍ബാനയില്‍ കാര്‍മ്മികത്വം വഹിക്കുന്നുണ്ടോയെന്ന് പാപ്പായോട് ആരാഞ്ഞു. എന്നാല്‍ ഒരു സുഹൃത്ത് എന്ന നിലയിലെത്തിയതാണു താനെന്നും ചടങ്ങുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ നടത്തിയാല്‍ മതിയെന്നുമായിരുന്നു പാപ്പായുടെ മറുപടി. ഒപ്പീസിന്‍റെ സമാപനപ്രാര്‍ത്ഥന ചൊല്ലാന്‍ പാപ്പായെ ക്ഷണിച്ചപ്പോഴും അദ്ദേഹമതു നിരസിച്ചു. ദിവ്യകാരുണ്യം സ്വീകരിക്കാന്‍ പാപ്പാ വരി നിന്നെങ്കിലും കാര്‍മ്മികന്‍ അദ്ദേഹത്തിനടുത്തു ചെന്നു നല്‍കി. ചടങ്ങുകള്‍ക്കു ശേഷം കാര്‍മ്മികര്‍ സങ്കീര്‍ത്തിയില്‍ തിരുവസ്ത്രങ്ങള്‍ മാറുന്നതിനിടെ പാപ്പാ ആരോടും പ്രത്യേകിച്ചു യാത്ര പറയാതെ മടങ്ങി പോകുകയും ചെയ്തു.

മരിക്കുന്നതിനു മുമ്പ് നെല്ലയെ മാര്‍പാപ്പ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. പദവിയുടെ ഭാരമില്ലാതെ പച്ചമനുഷ്യനെ പോലെ ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും മൃതസംസ്കാരചടങ്ങിലെ പങ്കാളിത്തം വലിയ വാര്‍ത്തയായില്ല. മാധ്യമങ്ങള്‍ കാര്യമറിഞ്ഞില്ല. ചടങ്ങില്‍ പങ്കെടുത്ത ഒരു വ്യക്തി തന്‍റെ സോഷ്യല്‍ മീഡിയായില്‍ പങ്കു വച്ചതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. സെ.പീറ്റേഴ്സ് അങ്കണത്തില്‍ തന്‍റെ കൈയില്‍ പിടിച്ചു വലിച്ച ഒരു സ്ത്രീയെ പാപ്പാ ബലം പ്രയോഗിച്ചു പിടി വിടുവിക്കുന്ന ദൃശ്യങ്ങള്‍ ആഗോളമാധ്യമങ്ങളില്‍ പരന്നുകൊണ്ടിരുന്ന ദിവസങ്ങളിലാണ് ഈ സംഭവവും അരങ്ങേറിയത്. സ്ത്രീയോടു ദേഷ്യത്തോടെ പെരുമാറാനിടയായതിന്‍റെ പേരില്‍ മാര്‍പാപ്പ പിന്നീടു മാപ്പു ചോദിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org