മാര്‍പാപ്പ 34 കുഞ്ഞുങ്ങള്‍ക്കു ജ്ഞാനസ്നാനം നല്‍കി

മാര്‍പാപ്പ 34 കുഞ്ഞുങ്ങള്‍ക്കു  ജ്ഞാനസ്നാനം നല്‍കി

ഉണ്ണീശോയുടെ ജ്ഞാനസ്നാനദിനം ആഘോഷിക്കുന്ന ദിവസം വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ മാര്‍പാപ്പമാര്‍ കുഞ്ഞുങ്ങള്‍ക്കു ജ്ഞാനസ്നാനം നല്‍കുന്ന പതിവു ഫ്രാന്‍സിസ് മാര്‍പാപ്പയും പിന്തുടര്‍ന്നു. ഈ വര്‍ഷം 34 കുഞ്ഞുങ്ങള്‍ക്കാണ് മാര്‍പാപ്പ മാമോദീസാ നല്‍കിയത്. കുടുംബങ്ങളിലെ സ്നേഹമാണ് വിശ്വാസം കൈമാറുന്നതിന് ആവശ്യമായ ആദ്യ ഘടകമെന്നു മാര്‍പാപ്പ പറഞ്ഞു. കുടുംബത്തില്‍ സ്നേഹമില്ലെങ്കില്‍, മാതാപിതാക്കള്‍ക്കിടയില്‍ സ്നേഹത്തിന്‍റെ ഭാഷ പറയപ്പെടുന്നില്ലെങ്കില്‍ വിശ്വാസം കൈമാറാനാവില്ല. മാമോദീസാ വിശ്വാസകൈമാറ്റത്തിനുള്ള ആദ്യത്തെ പടിയാണ് – മാര്‍പാപ്പ വിശദീകരിച്ചു. 16 ആണ്‍കുട്ടികള്‍ക്കും 18 പെണ്‍കുട്ടികള്‍ക്കുമാണ് മാര്‍പാപ്പ മാമോദീസാ നല്‍കിയത്.

തുടര്‍ന്ന് സെ. പീറ്റേഴ്സ് അങ്കണത്തില്‍ തീര്‍ത്ഥാടകര്‍ക്കു നല്‍കിയ സന്ദേശത്തില്‍ മാര്‍പാപ്പ, ഓരോരുത്തരും സ്വന്തം മാമ്മോദീസാ ദിവസം ഓര്‍മ്മിക്കേണ്ടതിന്‍റെ പ്രാധാന്യം വിശദീകരിച്ചു. അതു കലണ്ടറിലെ ഒരു ദിവസം മാത്രമല്ല. നമ്മുടെ ക്രൈസ്തവ തനിമ നാം സ്വീകരിക്കുകയും ദൈവകൃപയിലും ക്ഷമയിലും നിമജ്ജനം ചെയ്യുകയും ചെയ്ത ദിവസമാണത്. യേശുവിന്‍റെ ജ്ഞാനസ്നാനദിനത്തില്‍ എല്ലാവരും സ്വന്തം ജ്ഞാനസ്നാനത്തെയും ഓര്‍ക്കണം. ജ്ഞാനസ്നാനത്തിന്‍റെ ഓര്‍മ്മ നഷ്ടപ്പെടുമ്പോള്‍ ദൈവം നമുക്കു ചെയ്തു തന്നതിന്‍റെ ഓര്‍മ്മയാണു നഷ്ടമാകുന്നത് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org