Latest News
|^| Home -> International -> വിമാനത്തിലെ വിവാഹം: ദമ്പതികള്‍ ഒരുക്കമുള്ളവരായിരുന്നുവെന്നു മാര്‍പാപ്പ

വിമാനത്തിലെ വിവാഹം: ദമ്പതികള്‍ ഒരുക്കമുള്ളവരായിരുന്നുവെന്നു മാര്‍പാപ്പ

Sathyadeepam

ചിലെ സന്ദര്‍ശനത്തിനുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വച്ചു തന്‍റെ കാര്‍മ്മികത്വത്തില്‍ വിവാഹിതരായ ദമ്പതിമാര്‍ വിവാഹമെന്ന കൂദാശ സ്വീകരിക്കാന്‍ എല്ലാ തരത്തിലും ഒരുക്കമുള്ളവരായിരുന്നുവെന്നും അതു പരിശോധിച്ചുറപ്പു വരുത്തിയ ശേഷമാണ് വിവാഹം നടത്തിക്കൊടുത്തതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വിശദീകരിച്ചു. ഇന്നു ചെയ്യാവുന്ന ഒരു കാര്യം എന്തിനു നാളേയ്ക്കു വയ്ക്കണം? നാളെയെന്നാല്‍ അത് എട്ടോ പത്തോ കൊല്ലം കഴിഞ്ഞിട്ടാവാനും മതി – മാര്‍പാപ്പ വ്യക്തമാക്കി. ചിലെ, പെറു സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേയ്ക്കു മടങ്ങുന്നതിനിടെ വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മാര്‍പാപ്പ. വിമാനത്തില്‍ വച്ചുള്ള വിവാഹത്തിന്‍റെ കൗദാശികമായ സാധുതയെക്കുറിച്ചു പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ അജപാലനപരമായ വിവക്ഷകളെക്കുറിച്ച് ചില കേന്ദ്രങ്ങള്‍ ആശങ്കകളും ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ വിശദീകരണം. നാളെ കപ്പലിലോ ബീച്ചിലോ ഒക്കെ വച്ചു വിവാഹം ആശീര്‍വദിക്കാന്‍ ആളുകള്‍ ആവശ്യപ്പെട്ടാല്‍ തങ്ങള്‍ എന്തു ചെയ്യുമെന്നു പുരോഹിതര്‍ ചോദിക്കുന്നുണ്ടെന്നറിയിച്ചപ്പോള്‍ മാര്‍പാപ്പ പറഞ്ഞു, “ഞാന്‍ ആ ദമ്പതിമാരെ വിശദമായി ചോദ്യം ചെയ്തിരുന്നു. അവര്‍ വിവാഹത്തിനൊരുക്കമായ കോഴ്സില്‍ പങ്കെടുത്തിരുന്നു. കുമ്പസാരിച്ചിരുന്നു. കുദാശ സ്വീകരിക്കാന്‍ ദൈവത്തിനു മുമ്പാകെ തയ്യാറെടുത്തിരുന്നു. അവര്‍ ഒരുക്കമുള്ളവരാണെന്നു ഞാന്‍ വിലയിരുത്തി. ഇതാണ് ഇതിനുള്ള ഉത്തരം.”

വിമാനജോലിക്കാരായ പൗള പോഡെസ്റ്റ, കാര്‍ലോസ് എലോറിയാക എന്നിവരാണ് മാര്‍പാപ്പയുടെ കാര്‍മ്മികത്വത്തില്‍ വിവാഹിതരായത്. സിവില്‍ നിയമപ്രകാരം വിവാഹിതരാണ് ഇരുവരും. 2010-ല്‍ സാന്തിയാഗോയിലെ ഒരു പള്ളിയില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒരു ഭൂകമ്പത്തില്‍ പള്ളി തകര്‍ന്നതിനെ തുടര്‍ന്ന് വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് അതു നടത്തിയില്ല. 6 ഉം 3 ഉം വയസ്സുള്ള രണ്ടു മക്കളുണ്ട്. വിവാഹമോതിരം ആശീര്‍വദിക്കാന്‍ മാര്‍പാപ്പയെ സമീപിച്ച ഇവരോടു മാര്‍പാപ്പ നടത്തിയ സംഭാഷണമാണ് വിവാഹത്തിലേയ്ക്ക് എത്തിച്ചത്. വിവാഹം ആശീര്‍വദിച്ച മാര്‍പാപ്പ അവര്‍ക്കു വിവാഹ സര്‍ട്ടിഫിക്കറ്റും നല്‍കി. സര്‍ട്ടിഫിക്കറ്റ് വിമാനത്തില്‍ ലഭ്യമല്ലാതിരുന്നതിനാല്‍ കൂടെ യാ ത്ര ചെയ്തിരുന്ന കാര്‍ഡിനല്‍മാരോട് വെള്ളക്കടലാസില്‍ ഒരു സര്‍ട്ടിഫിക്കറ്റ് എഴുതിയുണ്ടാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു മാര്‍പാപ്പ.

Leave a Comment

*
*