സുവിശേഷഭാഗ്യങ്ങള്‍ വെറും ഉപദേശങ്ങളല്ല : ഫ്രാന്‍സിസ് മാര്‍പാപ്പ

സുവിശേഷഭാഗ്യങ്ങള്‍ വെറും ഉപദേശങ്ങളല്ല : ഫ്രാന്‍സിസ് മാര്‍പാപ്പ

എല്ലാമറിയാമെന്നു നടിക്കുന്ന ആരുടെയെങ്കിലും വെറും ഉപദേശങ്ങളല്ല ബൈബിളിലെ സുവിശേഷഭാഗ്യങ്ങളെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. മറിച്ച് അതു പ്രത്യാശയുടെ സ്രോതസ്സാണ്. സ്വന്തം സുഖമേഖലകള്‍ ഉപേക്ഷിക്കാനും യേശു നല്‍കിയ പാത പിന്തുടരാനുമുള്ള പ്രേരണ അതു നല്‍കുന്നു. ഒരിക്കലും പ്രത്യാശ നഷ്ടമാകാത്ത കാരുണ്യമുള്ള ഹൃദയത്തില്‍ നിന്നാണ് സുവിശേഷഭാഗ്യങ്ങള്‍ വരുന്നത്. ദരിദ്രര്‍ക്കും വിലപിക്കുന്നവര്‍ക്കും കരുണയുള്ളവര്‍ക്കും അനുഗ്രഹങ്ങള്‍ പ്രഘോഷിച്ചതിലൂടെ ദൈവപിതാവിന്‍റെ രൂപാന്തരീകരണ ശക്തിയില്‍ വിശ്വാസമില്ലാത്തവരുടെ ജഡത്വത്തെ നിഷ്കാസനം ചെയ്യുകയായിരുന്നു യേശു -മാര്‍പാപ്പ വിശദീകരിച്ചു. ചിലെയില്‍ സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പ ആദ്യമര്‍പ്പിച്ച വി.കുര്‍ബാനയ്ക്കിടെ സുവിശേഷപ്രസംഗം നടത്തുകയായിരുന്നു. തലസ്ഥാനമായ സാന്തിയാഗോയില്‍ മാര്‍പാപ്പ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച കുര്‍ബാനയ്ക്ക് പതിനായിരങ്ങള്‍ പങ്കെടുത്തു.

മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി പ്രയത്നിക്കുന്നവരാണ് അനുഗ്രഹീതരെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. നിങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ സമാധാനത്തിനുവേണ്ടി പരിശ്രമിക്കണം. പരസ്പരമുള്ള അടുപ്പമാണ് സമാധാനം സൃഷ്ടിക്കുന്നത്. വീടുകളില്‍ നിന്നു പുറത്തിറങ്ങുകയും മനുഷ്യരുടെ മുഖത്തു നോക്കുകയും ചെയ്യണം. സമാധാനപൂര്‍ണമായ ഒരു ഭാവി പടുത്തുയര്‍ത്താന്‍ ഇതുമാത്രമാണു മാര്‍ഗം. അധികാരത്തോടുള്ള ആഗ്രഹത്തില്‍ നിന്നു ജനിക്കുന്ന ചെറുതും വലുതുമായ തെറ്റുകളെ മറികടക്കാന്‍ സദാ ശ്രമിക്കുന്നയാളാണ് ഒരു യഥാര്‍ത്ഥ സമാധാനസ്ഥാപകന്‍. മറ്റുള്ളവരുടെ ചിലവില്‍ പേരെടുക്കാനും പ്രാധാന്യമാര്‍ജിക്കാനും ശ്രമിക്കുന്നവര്‍ സമാധാനസ്ഥാപകരാകുകയില്ല – മാര്‍പാപ്പ വിശദീകരിച്ചു.

ചിലെ ജനങ്ങളെ ശ്രവിക്കുന്ന ഒരു രാജ്യമാകണമെന്ന് ഭരണാധികാരികളെ അഭിസംബോധന ചെയ്യുമ്പോള്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. തൊഴില്‍രഹിതരേയും കുടിയേറ്റക്കാരേയും ആദിവാസികളെയും ചിലെ ശ്രവിക്കേണ്ടതുണ്ട്. പലപ്പോഴും വിസ്മരിക്കപ്പെടുന്ന വിഭാഗങ്ങളാണ് ഇവര്‍. യുവജനങ്ങള്‍ക്കും കാതു കൊടുക്കണം. വയോധികര്‍ക്കു വലിയ വിജ്ഞാനം പകര്‍ന്നു നല്‍കാനുണ്ടാകും -മാര്‍പാ പ്പ വിശദീകരിച്ചു. ചിലെയില്‍ മുന്‍കാലത്ത് സഭാശുശ്രൂഷകരുടെ ഭാഗത്തു നിന്നുണ്ടായ ബാലപീഡനങ്ങള്‍ക്കു മാര്‍പാപ്പ രാജ്യത്തോടു മാപ്പു ചോദിച്ചു. സഹോദരമെത്രാന്മാര്‍ക്കൊപ്പമുള്ള ഒരാളാണു താനും എന്നതിനാല്‍ ഇക്കാര്യത്തില്‍ താന്‍ മാപ്പു ചോദിക്കുക ഉചിതമാണെന്നും ഇത്തരം കാര്യങ്ങള്‍ ഇനിയുണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മാര്‍പാപ്പ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org