സഹിക്കുന്ന കുഞ്ഞുങ്ങളെ ഓര്‍മ്മിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് മാര്‍പാപ്പയുടെ ക്രിസ്തുമസ്

സഹിക്കുന്ന കുഞ്ഞുങ്ങളെ ഓര്‍മ്മിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് മാര്‍പാപ്പയുടെ ക്രിസ്തുമസ്

യുദ്ധവും ദാരിദ്ര്യവും അസമത്വവും മൂലം സഹനമനുഭവിക്കുന്ന ഓരോ കുഞ്ഞിനേയും ഓര്‍മ്മിച്ചു പ്രാര്‍ത്ഥിക്കുന്നതിനുള്ള അവസരമാണ് ക്രിസ്തുമസെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. യുദ്ധത്തിന്‍റെ കാറ്റുകള്‍ വീശുകയും കാലഹരണപ്പെട്ട ഒരു വികസനമാതൃക മാനവിക, സാമൂഹ്യ, പാരിസ്ഥിതിക അപചയത്തിനു കാരണമാകുകയും ചെയ്യുന്ന ഇന്നത്തെ ലോകത്തില്‍ ഓരോ കൊച്ചുകുഞ്ഞിലും ക്രിസ്തുവിന്‍റെ മുഖം കാണാന്‍ ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നു. മനുഷ്യഹിതപ്രകാരമല്ല, ദൈവപിതാവിന്‍റെ സ്നേഹസമ്മാനമായിട്ടാണു ക്രിസ്തു ജനിച്ചതെന്നു വത്തിക്കാനിലെ സെ. പീറ്റേഴ്സ് അ ങ്കണത്തില്‍ ക്രിസ്തുമസ് ദിനത്തില്‍ തീര്‍ത്ഥാടകരോടു സംസാരിക്കുമ്പോള്‍ മാര്‍പാപ്പ പറഞ്ഞു.

വിശുദ്ധനാടു മുതല്‍ വെനസ്വേലാ വരേയും മധ്യപൂര്‍വദേശം മുതല്‍ ആഫ്രിക്കയും ഉക്രെയിനും വരേയും ലോകമെങ്ങും അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളിലേയ്ക്ക് മാര്‍പാപ്പ വിരല്‍ചൂണ്ടി. യുദ്ധവും അക്രമവും ദാരിദ്ര്യവും മൂലം കഷ്ടപ്പെടുന്ന ഈ പ്രദേശങ്ങള്‍ക്കെല്ലാം സമാധാനമുണ്ടാകുന്നതിനായി മാര്‍പാപ്പ പ്രാര്‍ത്ഥനകള്‍ നേര്‍ന്നു. ഇസ്രായേലിലും പലസ്തീനിലും സമാധാനപരമായ സംഭാഷണങ്ങള്‍ ആരംഭിക്കുകയും സംഘര്‍ഷത്തിനു പരിഹാരം സംഭാഷണത്തിലൂടെ കണ്ടെത്തുകയും വേണം. പരസ്പരസമ്മതത്തോടെ, അന്താരാഷ്ട്ര അംഗീകാരമുള്ള അതിര്‍ത്തികളുമായി ഈ രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം സംജാതമാകണം. മക്കളെ വിട്ട് ഇതരരാജ്യങ്ങളില്‍ കുടിയേറാന്‍ നിര്‍ബന്ധിതരായ മാതാപിതാക്കളുടെ കുട്ടികള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരുടെ വേദന യേശുവിനു നന്നായി മനസ്സിലാകും. ഒരിടത്തും സ്വീകരിക്കപ്പെടാത്തതിന്‍റെയും തല ചായ്ക്കാനിടമില്ലാത്തതിന്‍റെയും വേദന അവനറിയാം. ബെത് ലേഹമിലെ വീടുകളെന്ന പോലെ നമ്മുടെ ഹൃദയങ്ങള്‍ നമുക്ക് കൊട്ടിയടക്കാതിരിക്കാം -മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org