മാര്‍പാപ്പയുടെ സിനിമ വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചു

മാര്‍പാപ്പയുടെ സിനിമ വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യക്ഷപ്പെടുന്ന സിനിമയുടെ ആദ്യത്തെ ഔദ്യോഗിക പ്രദര്‍ശനം വത്തിക്കാനില്‍ നടത്തി. സിനിമ ക്രിസ്മസിനാണ് തീയേറ്ററുകളില്‍ പ്രദര്‍ശനമാരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. ദൈവത്തെ അന്വേഷിക്കുന്ന കുട്ടികളുടെ കഥ പറയുന്ന 'ബിയോണ്ട് ദ സണ്‍' എന്ന സിനിമയില്‍ ഒരു അതിഥിവേഷത്തിലാണ് മാര്‍പാപ്പ വരുന്നത്. സിനിമയില്‍ നിന്നുള്ള ലാഭം മാര്‍പാപ്പയുടെ മാതൃരാജ്യമായ അര്‍ജന്‍റീനയിലെ നിരാലംബരായ കുഞ്ഞുങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് ഉപയോഗിക്കുക. വത്തിക്കാനിലെ പ്രദര്‍ശനം കാണാന്‍ മാര്‍പാപ്പ ഉണ്ടാകുമെന്നാണു കരുതിയിരുന്നതെങ്കിലും അദ്ദേഹം വന്നില്ല. മെക്സിക്കോയിലുണ്ടായ ഭൂകമ്പത്തിന്‍റെ പശ്ചാത്തലത്തിലാണ് മാര്‍പാപ്പ വരാതിരുന്നതെന്നു സിനിമയുടെ അണിയറക്കാര്‍ വിശദീകരിച്ചു.

കുഞ്ഞുങ്ങളോടു സംസാരിക്കുന്ന രംഗമാണ് മാര്‍പാപ്പയുടേതായി ചിത്രത്തിലുള്ളത്. യേശുവിനെക്കുറിച്ചു സംസാരിക്കാനും സുവിശേഷം വായിക്കാനും പാപ്പ കുട്ടികളെ ആഹ്വാനം ചെയ്യുന്നു. "സുവിശേഷം വലിയ പുസ്തകമാണെന്നു ചിന്തിക്കരുത്. സുവിശേഷങ്ങള്‍ ചെറുതാണ്. നിങ്ങളത് സാവധാനത്തില്‍ കുറേശ്ശെ കുറേശ്ശെ വായിക്കണം. നിങ്ങള്‍ക്കു മനസ്സിലാകാത്തത് വിശദീകരിച്ചു തരാന്‍ കഴിയുന്നവരും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കണം." ഒരു ചെറിയ ബൈബിള്‍ കൂടെ കൊണ്ടു നടക്കുന്നതു നന്നായിരിക്കുമെന്ന് മുതിര്‍ന്നവരോടു മാര്‍പാപ്പ പറയുന്നു.

തങ്ങള്‍ക്കു സംഭവിക്കുന്നതെല്ലാം യേശുവിനോടു പറയാന്‍ മാര്‍പാപ്പ ആവശ്യപ്പെടുന്നു. "തെരുവിലോ സ്കൂളിലോ കുടുംബത്തിലോ നിങ്ങള്‍ കണ്ടതും നിങ്ങള്‍ക്കിഷ്ടപ്പെടാത്തതും എല്ലാം യേശുവിനോടു പറയുക. യേശു നിങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ്. നിങ്ങളെ നോക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അതു മനസ്സിലാക്കുന്നില്ല. നിങ്ങള്‍ അവിടുത്തെ അന്വേഷിക്കുക. അങ്ങനെയാണു യേശുവും നിങ്ങളും പരസ്പരം കണ്ടെത്തുക. അതു ചെയ്യാന്‍ ധൈര്യപ്പെടുക" – മാര്‍പാപ്പ വിശദീകരിച്ചു. എഴുതി തയ്യാറാക്കാതെയാണ് മാര്‍പാപ്പ സിനിമയ്ക്കുവേണ്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒറ്റ ടേയ്ക്കില്‍ തന്നെ മാര്‍പാപ്പയുടെ സംഭാഷണം ശരിയായി ഷൂട്ട് ചെയ്യാനായി എന്നു സിനിമാസംവിധായകന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org