മാര്‍പാപ്പ കൊളംബിയയിലേയ്ക്ക്

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത സെപ്തംബര്‍ മാസം കൊളംബിയ സന്ദര്‍ശിക്കും. കൊളംബിയന്‍ പ്രസിഡന്‍റിന്‍റെയും മെത്രാന്‍ സംഘത്തിന്‍റെയും ക്ഷണം സ്വീകരിച്ചു കൊളംബിയയിലേയ്ക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്തുമെന്നാണ് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചത്. സെപ്തംബര്‍ 6 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ നാലു കൊളംബിയന്‍ നഗരങ്ങളില്‍ മാര്‍പാപ്പ എത്തിച്ചേരും. പേപ്പല്‍ പര്യടനത്തിന്‍റെ ലോഗോയും മുദ്രാവാക്യവും പ്രസിദ്ധീകരിച്ചു. "നമുക്ക് ആദ്യചുവടുവയ്ക്കാം" എന്നതാണ് മുദ്രാവാക്യം. കഴിഞ്ഞ അമ്പതു വര്‍ഷത്തോളമായി കൊളംബിയായില്‍ തുടരുന്ന സായുധ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മുദ്രാവാക്യം. കൊളംബിയായില്‍ പരിവര്‍ത്തനം വരുത്തി അനുരഞ്ജനവും സമാധാനവും സ്ഥാപിക്കാന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം സഹായിക്കുമെന്ന പ്രതീക്ഷയാണ് സഭ പങ്കു വയ്ക്കുന്നത്.

ദക്ഷിണ സുഡാനില്‍ പ്രവര്‍ത്തിക്കുന്നതു സഭ മാത്രം

ആഭ്യന്തരസംഘര്‍ഷങ്ങളാല്‍ വലയുന്ന ദക്ഷിണ സുഡാനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനം സഭ മാത്രമാണെന്ന് സുഡാന്‍ റിലീഫ് ഫണ്ടിന്‍റെ മേധാവി നീല്‍ കോര്‍ക്കെറി പ്രസ്താവിച്ചു. സര്‍ക്കാര്‍ പോലും നിര്‍ജീവമായി കഴിഞ്ഞിടത്താണ് സഭ ഏറ്റവും ബലഹീനരായ ആളുകളെ സേവിച്ചുകൊണ്ടിരിക്കുന്നത്. സുഡാനിലെ ദുര്‍ഗമങ്ങളായ വിദുരസ്ഥ ഗ്രാമങ്ങളില്‍ മനുഷ്യരെ സഹായിക്കാന്‍ ഇന്നുള്ളതു സഭ മാത്രമാണ്. ദക്ഷിണ സുഡാനിലെ പല പ്രദേശങ്ങളിലും ക്ഷാമം പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധങ്ങളും തുടരുന്നു. ജനസംഖ്യയുടെ 42 ശതമാനം വരുന്ന 45 ലക്ഷത്തോളം ജനങ്ങള്‍ ഗുരുതരമായ ഭക്ഷ്യക്ഷാമം നേരിടുകയാണ്. അടുത്ത ജൂലൈ മാസത്തോടെ ഇവരുടെ സംഖ്യ 55 ലക്ഷമായി ഉയരുമെന്നും കരുതപ്പെടുന്നു. 25 ലക്ഷം പേര്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്.

എത്യോപ്യായില്‍ 4 കന്യാസ്ത്രീകള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

എത്യോപ്യായില്‍ നാലു സിസ്റ്റര്‍മാര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. ഒരു സിസ്റ്ററുടെ ബന്ധുവിന്‍റെ മൃതസംസ്കാരത്തില്‍ പങ്കെടുക്കുവാന്‍ പോകുകയായിരുന്ന എട്ടു സിസ്റ്റര്‍മാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. വി.അന്നയുടെ മക്കള്‍ എന്ന സന്യാസിനീസമൂഹത്തിന്‍റെ പ്രൊവിന്‍ഷ്യല്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. സ്കൂളുകള്‍, തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവ നടത്തുന്നവരാണ് ഈ സന്യാസിനികള്‍. 150 വര്‍ഷത്തിലേറെയായി ഇവര്‍ എത്യോപ്യായില്‍ പ്രവര്‍ത്തിച്ചു വരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org