കൊളംബിയയിലെ മുന്‍സൈനികനു മാര്‍പാപ്പയുടെ കയ്യക്ഷരത്തില്‍ കത്ത്

കൊളംബിയയിലെ മുന്‍സൈനികനു മാര്‍പാപ്പയുടെ കയ്യക്ഷരത്തില്‍ കത്ത്

കൊളംബിയന്‍ സന്ദര്‍ശനവേളയില്‍ വിമാനത്താവളത്തില്‍ വച്ചു കണ്ടുമുട്ടിയ മുന്‍ സൈനികനു ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ നിന്നു സ്വന്തം കൈയക്ഷരത്തില്‍ കത്തയച്ചു. കുഴിബോംബ് സ്ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെടുകയും അംഗവൈകല്യം ബാധിക്കുകയും ചെയ്തതിനാല്‍ ചക്രക്കസേരയില്‍ കഴിയുന്ന എഡ്വിന്‍ റെസ്ട്രോപ്പോയ്ക്കാണു വത്തിക്കാനില്‍ നിന്ന് അപ്രതീക്ഷിതമായ കത്തു വരുന്നത്. സന്ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന മാര്‍പാപ്പയ്ക്കു വിമാനത്താവളത്തില്‍ വച്ച് എഡ്വിന്‍ തന്‍റെ സൈനികത്തൊപ്പി ഊരിക്കൊടുത്തിരുന്നു. സ്വാഭാവികമായ ഈ സ്നേഹപ്രകടനം തന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും ആ തൊപ്പി സഹായികള്‍ക്കു കൈമാറാതെ സ്വയം സൂക്ഷിച്ച താന്‍ അന്നത്തെ ചിത്രം തന്‍റെ പഠനമുറിയില്‍ വച്ചിട്ടുണ്ടെന്നും മാര്‍പാപ്പ എഡ്വിനെ അറിയിച്ചു. സൈനികന്‍റെ പേര് അറിയാതിരുന്ന മാര്‍പാപ്പ സൈനിക രൂപതയുടെ മെത്രാന്‍ വഴിയാണ് അദ്ദേഹത്തിന് കത്ത് എത്തിച്ചത്.

ദൗത്യനിര്‍വ്വഹണത്തിനിടെ മാരകമായ പരിക്കുകളേല്‍ക്കുന്ന സൈനികരേയും സുരക്ഷാ ഉദ്യോഗസ്ഥരെയും താന്‍ ഈ തൊപ്പി കാണുമ്പോള്‍ അനുസ്മരിക്കുന്നതായി മാര്‍പാപ്പ എഴുതി. പഠനമുറിയിലെ ചെറിയ അള്‍ത്താരയില്‍ പ. കന്യകാമറിയത്തിന്‍റെ ചിത്രത്തോടു ചേര്‍ന്നാണ് ഇതു വച്ചിരിക്കുന്നത്. അതിനാല്‍ അവിടെ പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ ഇതു കാണുകയും സൈനികനു വേണ്ടിയും ഇതുപോലെ പരിക്കേറ്റ എല്ലാ സൈനികര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട്. തനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം എന്നഭ്യര്‍ത്ഥിച്ച്, "സാഹോദര്യത്തോടെ, ഫ്രാന്‍സിസ്" എന്നെഴുതിയാണ് മാര്‍പാപ്പ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org