മാര്‍പാപ്പയുടെ കൊളംബിയന്‍ സന്ദര്‍ശനം വന്‍വിജയമായി

മാര്‍പാപ്പയുടെ കൊളംബിയന്‍  സന്ദര്‍ശനം വന്‍വിജയമായി

ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയിലേയ്ക്ക് ഒരു ലാറ്റിനമേരിക്കക്കാരന്‍ കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശനം വന്‍വിജയമായി. ആഭ്യന്തരസംഘര്‍ഷങ്ങള്‍ കൊണ്ടു വലയുന്ന കൊളംബിയായിലെ പാവങ്ങളുള്‍പ്പെടെ അനേകം മനുഷ്യരുമായി മാര്‍പാപ്പ നേരിട്ടുള്ള സംവാദങ്ങള്‍ നടത്തി. സമാധാനത്തി നും അനുരഞ്ജനത്തിനുമായി ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കൊളംബിയന്‍ ജനതയെ മാര്‍പാപ്പ ആഹ്വാനം ചെയ്തു. ആദ്യത്തെ ലാറ്റിനമേരിക്കന്‍ പാപ്പയെ കാണാന്‍ കഴിഞ്ഞതില്‍ ജനങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ചു. 80%ത്തിലധികം ജനങ്ങളും കത്തോലിക്കരായ രാഷ്ട്രമാണ് കൊളംബിയ.

അസമത്വവും അടിച്ചമര്‍ത്തലും ഇല്ലാത്ത നീതിനിഷ്ഠമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്തണമെന്നു സമാപന ദിവസം ദിവ്യബലിയ്ക്കിടെ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. നീതിനിഷ്ഠമായ സമൂഹം ഉണ്ടായാല്‍ മാത്രമേ ശാശ്വതമായ സമാധാനം സ്ഥാപിക്കപ്പെടുകയുള്ളൂ. സുസ്ഥിരമായ സമാധാനമാണ് കൊളംബിയ ആഗ്രഹിക്കുന്നതെങ്കില്‍ സന്ധി സംഭാഷണങ്ങളും ധാരണകളും മതിയാകുകയില്ല. മനുഷ്യാന്തസ്സിനെ ആദരിക്കുന്നതിനും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകുകയാണ് ആവശ്യം – മാര്‍പാപ്പ പറഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍ നിന്നു വ്യതിചലിച്ചുകൊണ്ടു മയക്കുമരുന്നു വിതരണക്കാരെ മാര്‍പാപ്പ മരണത്തിന്‍റെ വ്യാപാരികളെന്ന് അപലപിച്ചു. ലോകത്തില്‍ ഏറ്റവുമധികം മയക്കു മരുന്നു നിര്‍മ്മാണവും വ്യാപാരവും നടക്കുന്ന രാജ്യമാണ് കൊളംബിയ. നിരവധി സംഘര്‍ഷങ്ങളും കൊലപാതകങ്ങളും മയക്കു മരുന്നു മാഫിയകള്‍ നടത്തുന്നുണ്ട്.

ക്ഷമ ചോദിക്കാനും കൊടുക്കാനും ഭയപ്പെടരുത് എന്നു സന്ദര്‍ശനത്തിന്‍റെ തുടക്കത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. വിദ്വേഷം അവസാനിപ്പിക്കാനും പ്രതികാരത്തെ നിരാകരിക്കാനുമുള്ള സമയമാണിത് എന്ന മാര്‍പാപ്പയുടെ സന്ദേശത്തോടു സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന ചില ഗറില്ലാസംഘങ്ങള്‍ ഭാവാത്മകമായി പ്രതികരിക്കുകയും ചെയ്തു. ഫാര്‍ക് എന്ന ഇടതു വിമത സംഘത്തിന്‍റെ മുന്‍ മേധാവി റൊഡ്രിഗോ ലൊണ്ടോനോ കഴിഞ്ഞ 5 ദശകങ്ങള്‍ക്കിടെ തങ്ങള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്കു ക്ഷമ ചോദിച്ചുകൊണ്ടു മാര്‍പാപ്പയ്ക്കു തുറന്ന കത്ത് അയച്ചിരുന്നു. ആഭ്യന്തരയുദ്ധത്തിനിടെ കൊല്ലപ്പെട രണ്ടു വൈദികരെ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org