മാര്‍പാപ്പയും കൂരിയാ അംഗങ്ങളും നോമ്പുകാലധ്യാനത്തില്‍ സംബന്ധിച്ചു

മാര്‍പാപ്പയും കൂരിയാ അംഗങ്ങളും നോമ്പുകാലധ്യാനത്തില്‍ സംബന്ധിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയും റോമന്‍ കൂരിയായിലെ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും ഒരാഴ്ച നീണ്ടു നിന്ന നോമ്പുകാലധ്യാനത്തില്‍ സംബന്ധിച്ചു. റോമിനു പുറത്ത് ആല്‍ബന്‍ മലയിലെ ഒരു ധ്യാനകേന്ദ്രത്തിലായിരുന്നു ധ്യാനം. മാര്‍പാപ്പ, കൂരിയാ അംഗങ്ങള്‍ക്കൊപ്പം ഒരു ബസിലാണ് ധ്യാനകേന്ദ്രത്തിലെത്തിയത്. പോര്‍ച്ചുഗീസ് വൈദികനായ ഫാ. ജോസ് ടോളെന്‍റിനോയാണ് ധ്യാനം നയിച്ചത്.

ദാഹിക്കുന്നവര്‍ തന്‍റെയടുക്കല്‍ വരട്ടെയെന്ന യേശുവിന്‍റെ വാക്യമാണ് ആദ്യദിനം ധ്യാനഗുരു വിചിന്തനവിഷയമാക്കിയത്. ജീവന്‍റെ ജലമാണ് യേശു വാഗ്ദാനം ചെയ്യുന്നത്. നിരുപാധികസ്നേഹമാണ് അത്. നാം "അപൂര്‍ണരും നിര്‍മ്മാണത്തിലിരിക്കുന്നവരും" ആണെന്നറിയാമെങ്കിലും അവിടുന്നു നമുക്കു നിരുപാധികസ്നേഹം വാഗ്ദാനം ചെയ്യുന്നു. യേശുവിന്‍റെ അവസാനത്തെ ക്ഷണമാണ് വെളിപാടു പുസ്തകത്തില്‍ നാം കാണുന്നത്. ദാഹിക്കുന്നവര്‍ നമ്മളാണെന്നു നാം തിരിച്ചറിയണം. എത്ര മാത്രം നമുക്കു ദാഹിക്കുന്നു എന്നതും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു – ധ്യാനഗുരു വിശദീകരിച്ചു.

ജലം എന്താണെന്നു പഠിപ്പിക്കുന്നതു ദാഹമാണെന്ന എമിലി ഡിക്കന്‍സണിന്‍റെ വാക്കുകള്‍ ധ്യാനഗുരു ഉദ്ധരിച്ചു. ദാഹം ഒരു ഗുരുവാണ്. നിര്‍ജലീകരണത്തിനു വിധേയമായിട്ടുള്ള ഏതൊരാള്‍ക്കും അറിയാവുന്നതുപോലെ ജലമാണ് അതിനുള്ള പരിഹാരമാര്‍ഗം. നമ്മെക്കുറിച്ചും ദൈവത്തെ കുറിച്ചും അവബോധം പകരുന്ന ഒരു വിദ്യാലയമാകാന്‍ നമ്മുടെ ദാഹത്തെ നാം അനുവദിക്കുന്നുണ്ടോ എന്നതാണു ചോദ്യം. നമ്മുടെ ദാഹം തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്. കാരണം, അതു വേദനാജനകമാണ്. നമ്മുടെ അസ്തിത്വത്തിന്‍റെ ഏറ്റവും ആഴമേറിയ മാനങ്ങളെ കുറിച്ച് സംവാദത്തിലേര്‍പ്പെടാന്‍ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. അപ്പോള്‍ ഓരോ മനുഷ്യവ്യക്തിയിലും സന്നിഹിതമായിരിക്കുന്ന ദാഹത്തെ നമുക്കു കണ്ടെത്താന്‍ കഴിയും. ബന്ധങ്ങള്‍ക്കും സ്വീകാര്യതയ്ക്കും സ്നേഹത്തിനും വേണ്ടിയുള്ള ദാഹമാണത് – അദ്ദേഹം വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org