ഈജിപ്ത് സന്ദര്‍ശനം: മുസ്ലീം നേതാക്കള്‍ മാര്‍പാപ്പയുടെ സുരക്ഷ ഉറപ്പു നല്‍കി

ഈജിപ്ത് സന്ദര്‍ശനം: മുസ്ലീം നേതാക്കള്‍ മാര്‍പാപ്പയുടെ സുരക്ഷ ഉറപ്പു നല്‍കി

ഈജിപ്തില്‍ ഓശാന ഞായറാഴ്ച രണ്ടു കോപ്റ്റിക് ഓര്‍ത്തഡോക്സ് ദേവാലയങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ അമ്പതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ട സംഭവത്തെ ഈജിപ്തിലെ ഉന്നതരായ മുസ്ലീം നേതാക്കള്‍ അപലപിച്ചു. ഏപ്രില്‍ ഒടുവില്‍ ഈജിപ്ത് സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സുരക്ഷ തങ്ങള്‍ ഉറപ്പാക്കുമെന്ന് അല്‍ അസ്ഹര്‍ സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി. ആഗോള സുന്നി മുസ്ലീങ്ങളുടെയെല്ലാം പണ്ഡിതശ്രേഷ്ഠനായി പരിഗണിക്കപ്പെടുന്ന ഗ്രാന്‍ഡ് ഇമാം അഹ്മദ് മുഹമ്മദ് അല്‍ തയ്യിബ് ആണ് ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയത്. ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അക്രമം ഇസ്ലാം മതപ്രബോധനങ്ങള്‍ക്കു വിരുദ്ധമാണെന്നും പക്ഷേ ഈജിപ്ഷ്യന്‍ ജനതയുടെ ഐക്യം മനസ്സിലാക്കുന്നതില്‍ അക്രമകാരികള്‍ പരാജയപ്പെട്ടുവെന്നും ഇമാം പറഞ്ഞു.

കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാതലവനായ പോപ് തവദ്രോസ് രണ്ടാമന്‍ അലക്സാണ്ട്രിയന്‍ കത്തീഡ്രലിനകത്ത് ഉണ്ടായിരുന്നപ്പോഴായിരുന്നു ഒരു സ്ഫോടനം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ അക്രമത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പള്ളിയിലെ സ്ഫോടനത്തെ തുടര്‍ന്ന് ഈജിപ്ത് ഭരണാധികാരികള്‍ രാജ്യത്ത് മൂന്നു മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മുസ്ലീം സൂഫി ആരാധനാലയത്തിനും ക്രിസ്ത്യന്‍ സ്കൂളിനും എതിരെയുള്ളതുള്‍പ്പെടെ ഏതാനും ആക്രമണശ്രമങ്ങള്‍ സുരക്ഷാവിഭാഗം നിഷ്ഫലമാക്കിയെന്ന് ഈജിപ്ഷ്യന്‍ അധികാരികള്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org