ബെനഡിക്ട് പതിനാറാമന്റെ അസുഖം ഗുരുതരസ്വഭാവം ഉള്ളതല്ലെന്നു വത്തിക്കാന്‍

ബെനഡിക്ട് പതിനാറാമന്റെ അസുഖം ഗുരുതരസ്വഭാവം ഉള്ളതല്ലെന്നു വത്തിക്കാന്‍

വേദനാജനകമായ രോഗാവസ്ഥ ഉണ്ടെങ്കിലും ബെനഡിക്ട് പതിനാറാമന്‍ ഗുരുതരാവസ്ഥയിലല്ലെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍സ്വീന്‍ അറിയിച്ചു. വിരമിച്ച പാപ്പായെ സന്ദര്‍ശിച്ച ജീവചരിത്രകാരന്‍ പീറ്റര്‍ സീവാള്‍ഡ് പാപ്പാ അതീവ ഗുരുതരാവസ്ഥയിലാണെന്നു പറഞ്ഞിരുന്നു. പാപ്പ ദുര്‍ബലനാണെന്നും ശബ്ദം വളരെ പതുക്കെയായെന്നും സീവാള്‍ഡ് സൂചിപ്പിച്ചിരുന്നു. എന്നാല്‍, രോഗമുണ്ടെങ്കിലും പ്രത്യേകമായ ഉത്ക്കണ്ഠ ആവശ്യമുള്ള അവസ്ഥയില്ലെന്നു വത്തിക്കാന്‍ ഇതിനു വിശദീകരണമായി വ്യക്തമാക്കി.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വില്‍പത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഈ വാര്‍ത്തയോടൊപ്പം ഉയര്‍ന്നു വന്നു. സെ. പീറ്റേഴ്‌സ് ബസിലിക്കയില്‍ നേരത്തെ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ കബറടക്കിയിടത്ത് തന്റെയും കബറടക്കം നടത്താനാണ് ബെനഡിക്ട് പാപ്പാ നിര്‍ദേശിച്ചിരിക്കുന്നതെന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ജോണ്‍ പോള്‍ രണ്ടാമന്റെ മൃതദേഹം ഇവിടെ നിന്ന് ബസിലിക്കയുടെ മുകള്‍ ഭാഗത്തേയ്ക്ക് 2014-ല്‍ മാറ്റിയിരുന്നു. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അത്. ബെനഡിക്ട് പതിനാറാമനും ജോണ്‍ പോള്‍ രണ്ടാമനെ പോലെ തന്റെ ആത്മീയ ഒസ്യത്ത് തയ്യാറാക്കി വച്ചിട്ടുണ്ടെന്നു നേരത്തെ വ്യക്തമാക്കപ്പെട്ടിരുന്നു.
ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും ബെനഡിക്ട് പാപ്പാ ജൂണ്‍ മാസത്തില്‍ തന്റെ ജന്മനാടായ ജര്‍മ്മനിയിലേയ്ക്കു യാത്ര ചെയ്യുകയും സഹോദരനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. സന്ദര്‍ശനം കഴിഞ്ഞു വൈകാതെ സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗര്‍ മരണമടയുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org