Latest News
|^| Home -> International -> ബെനഡിക്ട് പാപ്പായുമായുള്ള ബന്ധം കരുത്തുപകരുന്നുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

ബെനഡിക്ട് പാപ്പായുമായുള്ള ബന്ധം കരുത്തുപകരുന്നുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

Sathyadeepam

വിരമിച്ച പാപ്പ ബെനഡിക്ട് പതിനാറാമനുമായുള്ള വ്യക്തിബന്ധം തനിക്കു കരുത്തു പകരുന്നുവെന്നും സഭയുടെ സജീവപാരമ്പര്യത്തെ കുറിച്ചു തന്നെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. അദ്ദേഹത്തിന്‍റെ സംസാരം കേള്‍ക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ ശക്തിയുള്ളവനാകുന്നു – റുമേനിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ വിമാനത്തില്‍ വച്ചു മാധ്യമപ്രവര്‍ത്തകരോടു പാപ്പാ പറഞ്ഞു. ഓരോ തവണയും ഞാനദ്ദേഹത്തെ കാണാന്‍ പോകുമ്പോള്‍ അദ്ദേഹത്തിന്‍റെ കൈപിടിച്ചു ഞാന്‍ സംസാരിപ്പിക്കും. അദ്ദേഹം കുറച്ചു മാത്രമേ സംസാരിക്കുകയുള്ളൂ. അതു പതുക്കെയുമാകും. പക്ഷേ എപ്പോഴും ആഴമേറിയ വാക്കുകളാണ് അദ്ദേഹത്തില്‍ നിന്നു വരിക. അദ്ദേഹത്തിന്‍റെ മുട്ടുകാലിനു മാത്രമാണ് പ്രശ്നം, മസ്തിഷ്കത്തിനല്ല- മാര്‍പാപ്പ പറഞ്ഞു.

വളരുകയും പൂവിടുകയും കായ്ക്കുകയും ചെയ്യുന്ന ഒരു വൃക്ഷത്തെ പോലെ എപ്പോഴും ജീവിച്ചുകൊണ്ടിരിക്കുകയാണു സഭയെന്ന് ഓര്‍മ്മിപ്പിക്കുകയാണു ബെനഡിക്ട് പതിനാറാമന്‍റെ സാന്നിദ്ധ്യമെന്നു മാര്‍പാപ്പ പറഞ്ഞു. പാരമ്പര്യം ഭാവിയുടെ ഉറപ്പാണ്. അതു ഗതകാലത്തിന്‍റെ വെണ്ണീര്‍ സൂക്ഷിക്കുന്നതല്ല; മ്യൂസിയവുമല്ല. – ഗാനരചയിതാവായ ഗുസ്താവ് മാളെറിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചു പാപ്പാ പറഞ്ഞു.

Leave a Comment

*
*