ചാരുകസേരയിലിരുന്നുകൊണ്ട് ദൈവസ്നേഹം പരത്താനാവില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

ചാരുകസേരയിലിരുന്നുകൊണ്ട് ദൈവസ്നേഹം പരത്താനാവില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

ദൈവത്തിന്‍റെ സ്നേഹം ലോകവുമായി പങ്കുവയ്ക്കുന്നതിനു പ്രവൃത്തിയും സേവനവും ആവശ്യമാണെന്നും ചാരുകസേരയിലിരുന്നുകൊണ്ട് ഇതു ചെയ്യാനാവില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. സ്നേഹം ചലനാത്മകമാണ്. അതു പുറത്തേയ്ക്കു സഞ്ചരിക്കും. സ്നേഹമുള്ള ഒരാള്‍ക്ക് ലോകം നന്നാകുന്നതും കാത്ത് വെറുതെയിരിക്കാനാവില്ല. അയാള്‍ ആവേശത്തോടെ എണീറ്റ് കര്‍മ്മരംഗത്തേക്കിറങ്ങുന്നു – മാര്‍ പാപ്പ വിശദീകരിച്ചു. സെന്‍റ് പീറ്റേഴ്സ് അങ്കണത്തില്‍ വിന്‍സെന്‍ ഷ്യന്‍ സമൂഹങ്ങളിലെ അംഗങ്ങളോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സെന്‍റ് വിന്‍സെന്‍റ് ഡി പോളിന്‍റെ ചൈതന്യമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഒത്തുചേര്‍ന്നു തങ്ങളുടെ വിന്‍സെന്‍ഷ്യന്‍ പ്രചോദനത്തിന്‍റെ നാനൂറാം വാര്‍ഷികമാഘോഷിക്കുകയാണിപ്പോള്‍. ഇതോടനുബന്ധിച്ചു റോമില്‍ നടന്ന ഒരു സിമ്പോസിയത്തിനൊടുവിലാണ് മാര്‍പാപ്പ ഇവരെ അഭിസംബോധന ചെയ്തത്.

ഉപവിപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ വിന്‍സെന്‍ഷ്യന്‍ സമൂഹങ്ങളെ മാര്‍പാപ്പ ആഹ്വാനം ചെയ്തു. പ്രാര്‍ത്ഥനയെ ജീവിതത്തിന്‍റെ വഴികാട്ടിയായിട്ടാണ് സെന്‍റ്വിന്‍ സെന്‍റ് കരുതിയിരുന്നതെന്നു മാര്‍പാപ്പ പ്രസ്താവിച്ചു. പ്രാര്‍ത്ഥനയിലൂടെ മാത്രമേ ദൈവത്തില്‍ നിന്നു സ്നേഹം സ്വീകരിക്കാനും പിന്നെ അതു ലോകത്തിനു പകരാനും സാധിക്കുകയുള്ളൂ. പ്രാര്‍ത്ഥനയെന്നാല്‍ കുറെ സൂത്രവാക്യങ്ങളോ ഫലശൂന്യമായ കടമയോ അല്ല. അതു ദൈവത്തിനു മുമ്പില്‍, അവിടുത്തോടൊപ്പം ആയിരിക്കുകയും അവിടുത്തേയ്ക്കു സ്വയം സമര്‍പ്പിക്കുകയുമാണ്. ദൈവത്തെ വാഴ്ത്തുക, ആരാധിക്കുക. അതാണ് ഏറ്റവും ശുദ്ധമായ പ്രാര്‍ത്ഥന – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org