പ്രതികാരം മുറിവുണക്കില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറില്‍

പ്രതികാരം മുറിവുണക്കില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറില്‍

അനുരഞ്ജനത്തിന്‍റെ സന്ദേശവുമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബുദ്ധമതരാജ്യമായ മ്യാന്‍മാറില്‍ വന്നിറങ്ങിയത്. മ്യാന്‍മാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു മാര്‍പാപ്പ മൗനം പാലിച്ചില്ല. ലോകം പ്രതീക്ഷിച്ചതുപോലെ മ്യാന്‍മാറിന്‍റെ യാഥാര്‍ത്ഥ്യങ്ങളെ പരാമര്‍ശിച്ചുകൊണ്ടു തന്നെയായിരുന്നു മാര്‍പാപ്പയുടെ സന്ദേശങ്ങള്‍. എന്നാല്‍ വാക്കുകള്‍ കൊണ്ടു മുറിപ്പെടുത്താതിരിക്കാന്‍ പാപ്പ ശ്രമിക്കുകയും ചെയ്തു. മ്യാന്‍മറിലുള്ള അനേകര്‍ അക്രമങ്ങളുടെ മുറിവുകള്‍ പേറുന്നവരാണെന്നു മാര്‍പാപ്പ വ്യക്തമാക്കി. ദൃശ്യവും അദൃശ്യവുമായ മുറിവുകളുണ്ട്. ലോകത്തിന്‍റെ ജ്ഞാനവുമായി ഈ മുറിവുകളോടു പ്രതികരിക്കാനുള്ള പ്രലോഭനം ഉണ്ടാകാം. പക്ഷേ അതു വികലമാണ്. രോഷവും പ്രതികാരവും മുറിവുണക്കുമെന്നാണ് നാം കരുതുന്നത്. എന്നാല്‍ അതു ശരിയല്ല. യേശുവിന്‍റെ മാര്‍ഗം പ്രതികാരത്തിന്‍റേത് അല്ല – മാര്‍പാപ്പ വിശദീകരിച്ചു. സന്ദര്‍ശനത്തിന്‍റെ ആദ്യദിനം ദിവ്യബലിയ്ക്കിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു. വിദ്വേഷത്തോടും തിരസ്കാരത്തോടും യേശുക്രിസ്തു പ്രതികരിച്ചത് ക്ഷമയോടും അനുകമ്പയോടും കൂടിയാണെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

50 വര്‍ഷം സൈനികഭരണത്തില്‍ കഴിഞ്ഞ മ്യാന്‍മാര്‍ ജനാധിപത്യപാതയിലേയ്ക്കുള്ള പരിവര്‍ത്തനഘട്ടത്തിലാണ്. മുസ്ലീങ്ങളായ റോഹിംഗ്യകള്‍ക്കെതിരായ വംശീയവിരോധം അതിന്‍റെ മൂര്‍ദ്ധന്യത്തിലെത്തിയിരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. ഭരണകൂട പിന്തുണയോടെ ഭൂരിപക്ഷമതസമൂഹം റോഹിംഗ്യകളെ പീഡിപ്പിക്കുകയും രാജ്യം വിട്ടുപോകാന്‍ ഇടയാക്കുകയും ചെയ്യുന്നുവെന്നാണ് അന്താരാഷ്ട്രസമൂഹത്തിന്‍റെ പരാതി. ആറു ലക്ഷം മുസ്ലീങ്ങളാണ് അയല്‍രാജ്യമായ ബംഗ്ലാദേശിലേയ്ക്ക് എല്ലാം ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നത്. ഇതിനെതിരെ മാര്‍പാപ്പ നേരത്തെ പ്രതികരിച്ചിട്ടുണ്ട്. മ്യാന്‍മാര്‍ സന്ദര്‍ശനത്തിനിടെ റോഹിംഗ്യന്‍ പ്രശ്നത്തെ കുറിച്ചു മാര്‍പാപ്പ ഒന്നും മിണ്ടരുതെന്നാണ് അവിടത്തെ ബുദ്ധമതതീവ്രവാദികളുടെ ആവശ്യം. ഒരു ശതമാനം മാത്രമുള്ള കത്തോലിക്കരും മാര്‍പാപ്പയുടെ വാക്കുകളെ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്. കാരണം, ഭുരിപക്ഷ മതവികാരത്തെ വ്രണപ്പെടുത്തുന്നത് കത്തോലിക്കരുടെ നിലനില്‍പിനെ ബാധിക്കും. പക്ഷേ റോഹിംഗ്യന്‍ മുസ്ലീങ്ങളുടെ മനുഷ്യാവകാശപ്രശ്നത്തെ അവഗണിക്കാന്‍ കഴിയുന്നതല്ലെന്ന സൂചനയാണ് മാര്‍പാപ്പയുടെ വാക്കുകളിലുള്ളത്. കത്തോലിക്കരും മ്യാന്‍മറില്‍ വിവേചനം നേരിടുന്നുണ്ട്.

ദുര്‍ഗമങ്ങളായ പര്‍വതപ്രദേശങ്ങളില്‍ നിന്നു കാല്‍നടയായി പോലും എത്തിയവരാണ് നിങ്ങളെന്ന് ഓര്‍മ്മിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു, "ഞാനും നിങ്ങളുടെ ഒരു സഹതീര്‍ത്ഥാടകനായാണ് ഇവിടെ വന്നിരിക്കുന്നത്. നിങ്ങളെ ശ്രവിക്കാനും നിങ്ങളില്‍ നിന്നു പഠിക്കാനും. ഒപ്പം പ്രത്യാശയുടെയും സമാശ്വാസത്തിന്‍റെയും വാക്കുകള്‍ പകരാനും. ദൈവികരഹസ്യങ്ങളുടെ അത്യുന്നത വ്യാഖ്യാതാവ് ക്രിസ്തുവാണ്. യേശു തന്‍റെ ജ്ഞാനം നമ്മെ പഠിപ്പിച്ചത് ദീര്‍ഘമായ പ്രഭാഷണങ്ങളിലൂടെയോ രാഷ്ട്രീയ-ലൗകിക ശക്തിപ്രകടനങ്ങളിലൂടെയോ അല്ല. മറിച്ച് തന്‍റെ ജീവന്‍ കുരിശില്‍ നല്‍കിക്കൊണ്ടാണ്. നമ്മെ നയിക്കേണ്ട ജീവന്‍റെ ജ്ഞാനം കുരിശില്‍ നിന്നു നമുക്കു കണ്ടെത്താം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org