മാര്‍പാപ്പ ഇന്‍ഡോനേഷ്യ സന്ദര്‍ശിക്കുമെന്ന് മുസ്ലീം നേതാവ്

മാര്‍പാപ്പ ഇന്‍ഡോനേഷ്യ സന്ദര്‍ശിക്കുമെന്ന് മുസ്ലീം നേതാവ്

ഫ്രാന്‍സിസ് മാര്‍പാപ്പ 2020 സെപ്തംബറില്‍ ഇന്‍ഡോനേഷ്യ, കിഴക്കന്‍ തിമൂര്‍, പാപുവാ ന്യൂഗിനിയ എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചേക്കുമെന്ന് ഇന്‍ഡോനേഷ്യയിലെ പ്രമുഖ മുസ്ലീം മതനേതാവായ ഷെയ്ഖ് യഹിയ സ്താഖഫ് പറഞ്ഞു. വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. 5 കോടി അംഗങ്ങളുള്ള നദ്ലത്തുല്‍ ഉലമയുടെ നേതാവാണ് അദ്ദേഹം. ഇസ്ലാമിന്‍റെ നവീകരണത്തിനു വേണ്ടി വാദിക്കുന്ന പ്രസ്ഥാനമാണ് ഇത്. ഇസ്ലാമിക രാഷ്ട്രം (ഖാലിഫേറ്റ്), ഇസ്ലാമിക നിയമം (ഷാരിയ), കാഫിര്‍ (അവിശ്വാസികള്‍) തുടങ്ങിയ സങ്കല്‍പങ്ങളെ നിരാകരിക്കുന്ന ഒരു ഇസ്ലാമിക ദൈവശാസ്ത്രം രൂപപ്പെടുത്തുകയാണിവര്‍.

ലോകത്തില്‍ ഏറ്റവുമധികം മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്‍ഡോനേഷ്യ. 23 കോടിയാണ് ഇന്‍ഡോനേഷ്യയിലെ മുസ്ലീങ്ങളുടെ എണ്ണം. ആഗോള മുസ്ലീം ജനസംഖ്യയുടെ 12% വരുമിത്. 2.4 കോടി ക്രൈസ്തവര്‍ ഇവിടെയുണ്ട്. ഇവരില്‍ 70 ലക്ഷം പേര്‍ കത്തോലിക്കരാണ്. 1970-ല്‍ വി. പോള്‍ ആറാമന്‍ മാര്‍പാപ്പയും 1989-ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഇന്‍ഡോനേഷ്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടു നീണ്ട രക്തരൂക്ഷിതമായ പ്രക്ഷോഭങ്ങള്‍ക്കു ശേഷം 1999-ല്‍ ഇന്‍ഡോനേഷ്യയില്‍ നിന്നു സ്വാതന്ത്ര്യം നേടിയ ഒരു ചെറിയ ദ്വീപു രാഷ്ട്രമാണ് കിഴക്കന്‍ തിമൂര്‍. തിമൂറിനെ സ്വതന്ത്ര പരമാധികാരരാഷ്ട്രമാക്കുന്നതില്‍ സഭ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇവിടത്തെ 10 ലക്ഷം ജനങ്ങളില്‍ 98 ശതമാനവും കത്തോലിക്കരാണ്. കിഴക്കന്‍ തിമൂറിലെ ബിഷപ് സീമെന്‍സ് ബോലോ രാജ്യത്തിന്‍റെ പ്രസിഡന്‍റായിരുന്ന ജോസ് റാമോസിനൊപ്പം 1996 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയിരുന്നു. ബിഷപ് ബോലോ ഇപ്പോള്‍ മൊസാംബിക്കില്‍ മിഷണറിയായി സേവനം ചെയ്യുകയാണ്.

90 ലക്ഷം ജനങ്ങളുള്ള പാപുവ ന്യൂഗിനിയയില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്. 26% പേര്‍ കത്തോലിക്കരാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org