പരിസ്ഥിതി സംരക്ഷണത്തിന് ഊന്നലേകി മാര്‍പാപ്പയുടെ നോമ്പുകാല സന്ദേശം

പരിസ്ഥിതി സംരക്ഷണത്തിന് ഊന്നലേകി മാര്‍പാപ്പയുടെ നോമ്പുകാല സന്ദേശം

മനുഷ്യന്‍റെ പാപാവസ്ഥയെ പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ വര്‍ഷത്തെ നോമ്പുകാലസന്ദേശം. സ്വയം സ്രഷ്ടാവും സര്‍വതിന്‍റേയും യജമാനനുമായി കാണാന്‍ പാപം മനുഷ്യനെ പ്രേരിപ്പിക്കുന്നു. അതു സ്രഷ്ടാവിന്‍റെ ഹിതമനുസരിച്ചുള്ള ലക്ഷ്യങ്ങള്‍ക്കു വേണ്ടിയല്ല. മറിച്ചു മനുഷ്യന്‍റെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കു വേണ്ടിയാണ്. ഇതു മറ്റു ജീവജാലങ്ങള്‍ക്കു വിനാശകരമായി മാറുന്നു. ദൈവത്തിന്‍റെ നിയമം – സ്നേഹത്തിന്‍റെ നിയമം – ഉപേക്ഷിക്കപ്പെട്ടാല്‍ അതു സൃഷ്ടിജാലത്തിന്‍റെ ചൂഷണത്തിലേയ്ക്കു നയിക്കുന്നു. പരിസ്ഥിതിയെ മാത്രമല്ല, വ്യക്തികളേയും ചൂഷണവിധേയമാക്കുന്നു. ഓരോ ആഗ്രഹത്തേയും അവകാശമായി കാണുന്ന ശമനമില്ലാത്ത മോഹങ്ങള്‍ മൂലം എല്ലാം ചൂഷണം ചെയ്യപ്പെടുന്നു. -മാര്‍പാപ്പ നോമ്പുകാലസന്ദേശത്തില്‍ എഴുതി.

പാപം മൂലം ദൈവത്തിനും മനുഷ്യനും സൃഷ്ടിജാലത്തിനും ഇടയിലുണ്ടായിട്ടുള്ള തകര്‍ച്ച പരിഹരിക്കാന്‍ പരമ്പരാഗത നോമ്പനുഷ്ഠാനങ്ങളായ ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ദാനധര്‍മ്മത്തിനും സാധിക്കുമെന്നു പാപ്പ പ്രസ്താവിക്കുന്നു. അപരരോടുള്ള നമ്മുടെ സമീപനത്തെ പരിവര്‍ത്തിപ്പിക്കാന്‍ ഉപവാസത്തില്‍ നാം പഠിക്കുന്നു. നമ്മുടെ തൃഷ്ണകളെ ശമിപ്പിക്കുന്നതിന് എല്ലാം നുകരാം എന്ന പ്രലോഭനത്തില്‍നിന്ന് നാം മുഖം തിരിക്കുന്നു. നമ്മുടെ ഹൃദയങ്ങളിലെ ശൂന്യതയെ നിറയ്ക്കുന്ന സ്നേഹത്തിനു വേണ്ടി സഹിക്കാന്‍ നാം തയ്യാറാകുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

വിഗ്രഹാരാധനയേയും അഹംബോധത്തിന്‍റെ സ്വയംപര്യാപ്തതാബോധത്തേയും ഉപേക്ഷിക്കാന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു – മാര്‍പാപ്പ തുടര്‍ന്നു: എല്ലാം സ്വന്തമാക്കി വച്ചു ഭാവി സുരക്ഷിതമാക്കാന്‍ കഴിയുമെന്ന മിഥ്യാബോധത്തില്‍ നിന്നു രക്ഷപ്പെടാന്‍ ദാനധര്‍മ്മം സഹായിക്കുന്നു. നമ്മുടെ മനുഷ്യാവസ്ഥയുടേയും പ്രകൃതിയുടെയും പരിമിതികള്‍ക്കപ്പുറത്തേയ്ക്കു കടക്കുന്ന ഒരു ജീവിതം ജീവിക്കാന്‍ ശ്രമിക്കരുത്. മറ്റുള്ളവരുടെ നന്മയെ പരിഗണിക്കാതെ സുഖങ്ങള്‍ക്കു വേണ്ടി കടിഞ്ഞാണില്ലാതെ ഓടുന്നത് മനുഷ്യഹൃദയത്തിലെ പാപത്തിന്‍റെ ഫലമാണ്. ഉത്ഥാനത്തിന്‍റെ ചക്രവാളത്തിലേയ്ക്കു നാം നിരന്തരമായി തിരിയുന്നില്ലെങ്കില്‍ അതിമോഹങ്ങള്‍ മേല്‍ക്കൈ നേടും. -മാര്‍പാപ്പ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org