സിറിയയിലെ കുട്ടികള്‍ക്കായി മാര്‍പാപ്പ തിരി തെളിച്ചു

സിറിയയിലെ കുട്ടികള്‍ക്കായി മാര്‍പാപ്പ തിരി തെളിച്ചു

സിറിയയിലും മധ്യപൂര്‍വദേശത്തെ മറ്റു സംഘര്‍ഷബാധിത രാജ്യങ്ങളിലും സഹനമനുഭവിക്കുന്ന കുട്ടികള്‍ക്കു വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ തിരി തെളിച്ചു പ്രാര്‍ത്ഥിച്ചു. ആഗമനകാലം പ്രത്യാശയുടെ സമയമാണെന്നും ഈ സമയത്തു സിറിയയിലെ കുട്ടികള്‍ക്കു പ്രത്യാശ പകരുന്നതിന്‍റെ പ്രതീകമാണു താന്‍ തെളിച്ച ദീപമെന്നും മാര്‍പാപ്പ പറഞ്ഞു. ആഗമനകാലത്തിലെ ആദ്യ ഞായറാഴ്ചയാണ് അപ്പസ്തോലിക് പാലസിലെ ജാലകത്തില്‍ വലിയൊരു മെഴുകുതിരിക്കു മാര്‍പാപ്പ അഗ്നി പകര്‍ന്നത്. സിറിയയിലെ ദമാസ്കസില്‍ നിന്നുള്ള കരകൗശലവിദഗ്ദ്ധര്‍ നിര്‍മ്മിച്ച തിരി നാല്‍പതോളം സിറിയന്‍ കുട്ടികളുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു.

പ്രത്യാശയുടെ ഈ നാളം മറ്റനേകം നാളങ്ങളോടു ചേര്‍ന്ന് യുദ്ധത്തിന്‍റെ അന്ധകാരത്തെ നീക്കട്ടെയെന്നു മാര്‍പാപ്പ ആശംസിച്ചു. സിറിയയിലും മധ്യപൂര്‍വദേശത്തും ക്രൈസ്തവര്‍ക്കു തുടര്‍ന്നും ജീവിക്കാന്‍ കഴിയട്ടെ. കരുണയുടെയും ക്ഷമയുടെയും അനുരഞ്ജനത്തിന്‍റേയും സാക്ഷികളായിരിക്കട്ടെ അവര്‍. യുദ്ധങ്ങളുണ്ടാക്കുന്നവരോടും ആയുധങ്ങളുണ്ടാക്കുന്നവരോടും ദൈവം പൊറുക്കട്ടെ. അവരുടെ മനസ്സു മാറട്ടെ – മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. സെ. പീറ്റേഴ്സ് അങ്കണത്തിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം പേര്‍ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org