Latest News
|^| Home -> International -> പാപ്പാ-മാക്രോണ്‍ കൂടിക്കാഴ്ച: കുടിയേറ്റം ചര്‍ച്ചാവിഷയമായി

പാപ്പാ-മാക്രോണ്‍ കൂടിക്കാഴ്ച: കുടിയേറ്റം ചര്‍ച്ചാവിഷയമായി

Sathyadeepam

ഫ്രഞ്ച് പ്രസിഡന്‍റ്  ഇമ്മാനുവല്‍ മാക്രോണ്‍ റോമിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. യൂറോപ്പില്‍ ഇപ്പോഴത്തെ ഏറ്റവും ചൂടേറിയ ചര്‍ച്ചാവിഷയമായ കുടിയേറ്റത്തെക്കുറിച്ച് ഇരുവരും സംസാരിച്ചതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 2017-ല്‍ ഫ്രഞ്ച് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട മാക്രോണ്‍ ആദ്യമായാണ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നത്.

കുടിയേറ്റ വിഷയത്തില്‍ പൊതുവില്‍ മാര്‍പാപ്പയുടെ നിലപാടിനോടു യോജിക്കുന്ന നേതാവാണ് മാക്രോണ്‍. ഇറ്റലിയിലേയ്ക്ക് അഭയാര്‍ത്ഥികളുമായി വന്ന ബോട്ടുകളെ തിരിച്ചയയ്ക്കുകയും കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്നാവശ്യപ്പെടുകയും ചെയ്ത ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയുടെ നടപടിയെ ഈയടുത്ത ദിവസങ്ങളില്‍ മാക്രോണ്‍ വിമര്‍ശിച്ചിരുന്നു. കുടിയേറ്റക്കാരെ സ്വീകരിക്കാനും സംരക്ഷിക്കാനുമുള്ള മാര്‍ഗങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നയാളാണ് മാര്‍പാപ്പ. മധ്യപൂര്‍വദേശത്തേയും ആഫ്രിക്കയിലേയും സംഘര്‍ഷങ്ങള്‍, യൂറോപ്പിന്‍റെ ഭാവി എന്നിവയും ചര്‍ച്ചാവിഷയങ്ങളായി.

മാക്രോണ്‍ ഒരു കത്തോലിക്കാ വിശ്വാസിയാണ്. എങ്കിലും സ്ഥിരമായി പള്ളിയില്‍ പോകുന്നയാളല്ല. ഫ്രാന്‍സിന്‍റെ പൊതുജീവിതത്തില്‍ സഭ നല്‍കിയ സംഭാവനകളെ കഴിഞ്ഞ ഏപ്രിലില്‍ കത്തോലിക്കാ മെത്രാന്മാരോടു സംസാരിക്കുമ്പോള്‍ മാക്രോണ്‍ ശ്ലാഘിച്ചിരുന്നു. അതേസമയം പൊതുമണ്ഡലത്തിലേയ്ക്കു വരുമ്പോള്‍ മതനിയമങ്ങളേക്കാള്‍ റിപ്പബ്ലിക്കിന്‍റെ നിയമങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.

Leave a Comment

*
*