വിരമിച്ചവരെ പോലെ ജീവിക്കരുതെന്നു യുവാക്കളോടു മാര്‍പാപ്പ

വിരമിച്ചവരെ പോലെ ജീവിക്കരുതെന്നു യുവാക്കളോടു മാര്‍പാപ്പ

ലോകത്തിനു നന്മ ചെയ്യാന്‍ വിളിക്കപ്പെട്ടവരാണ് യുവാക്കളെന്നും വിശ്രമജീവിതത്തിലേയ്ക്കു കടന്നവരെ പോലെ ജീവിക്കരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു. യുവജനങ്ങളുമായി ഒരു ചോദ്യോത്തരപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. യുവാക്കളെ വിരമിച്ചവരെ പോലെ കാണുന്നത് ഒരു അശ്ലീലക്കാഴ്ചയാണെന്നു മാര്‍പാപ്പ പറഞ്ഞു. 15-നും 30-നും ഇടയ്ക്കു പ്രായമുള്ള 70,000 ഇറ്റാലിയന്‍ യുവജനങ്ങള്‍ മാര്‍പാപ്പയെ ശ്രവിക്കുന്നുണ്ടായിരുന്നു. ഒക്ടോബറില്‍ യുവജനങ്ങളെ വിഷയമാക്കി നടക്കുന്ന ആഗോള മെത്രാന്‍ സിനഡിനൊരുക്കമായി ഇറ്റാലിയന്‍ മെത്രാന്‍ സംഘം സംഘടിപ്പിച്ച തീര്‍ത്ഥാടന പദയാത്രയില്‍ പ ങ്കെടുത്തുകൊണ്ടാണ് ഈ യുവജനങ്ങള്‍ റോമിലെത്തിയത്. യുവജനങ്ങളിലെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയായിരുന്നു തീര്‍ത്ഥാടനത്തിന്‍റെ ലക്ഷ്യം. ഇറ്റലിയിലെ 195 രൂപതകളില്‍ നിന്നുള്ള യുവജനങ്ങള്‍ ഇതില്‍ പങ്കെടുത്തു.

അപ്പസ്തോലന്മാരായ പത്രോസും യോഹന്നാനും ഈശോയുടെ തുറന്ന കല്ലറ കണ്ട സുവിശേഷഭാഗത്തെ കുറിച്ചുള്ള വിചിന്തനം മാര്‍പാപ്പ പങ്കുവച്ചു. മഗ്ദലേനാമേരിയുടെ വാക്കുകള്‍ക്കു ശേഷം ശിഷ്യന്മാര്‍ കല്ലറയിലേയ്ക്ക് ഓടി. അതുപോലെ കാല്‍നടയായി അനേകം യുവാക്കള്‍ റോമിലെത്തിയിരിക്കുകയാണ്. മഗ്ദലേനാ മേരിയുടെയും പത്രോസിന്‍റെയും യോഹന്നാന്‍റെയും ഹൃദയങ്ങളെ പോലെ നിങ്ങളുടെ ഹൃദയങ്ങളും യേശുവിനോടുള്ള സ്നേഹം കൊണ്ടു തുടിക്കട്ടെ. ചെറുപ്പക്കാരനായ യോഹന്നാന്‍ വലിയ വേഗതയില്‍ ഓടുന്നതു കണ്ടുനിന്ന പത്രോസിനെ പോലെ ഞാനും നിങ്ങളുടെ വേഗത്തിലുള്ള ഓട്ടം കണ്ടു സന്തോഷിക്കുന്നു. ദൈവരാജ്യസംസ്ഥാപനത്തിനു സഭയ്ക്കു യുവജനങ്ങളുടെ വേഗതയും ഉള്‍വിളികളും വിശ്വാസവും ആവശ്യമുണ്ട് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org