സ്നേഹമാണ് സഭയുടെ കുടുംബ പ്രബോധനത്തിന്‍റെ കേന്ദ്രം- ഫ്രാന്‍സിസ് മാര്‍പാപ്പ

സ്നേഹമാണ് സഭയുടെ കുടുംബ പ്രബോധനത്തിന്‍റെ കേന്ദ്രം- ഫ്രാന്‍സിസ് മാര്‍പാപ്പ

കുടുംബത്തെ കുറിച്ചുള്ള സഭയുടെ പ്രബോധനത്തിന്‍റെ കേന്ദ്രം സ്നേഹമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. എല്ലാ യുവാക്കളും ഇതു മുന്നോട്ടു കൊണ്ടു പോകുന്നതിന്‍റെ ഉത്തരവാദിത്വമേറ്റെടുക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു. അമോരിസ് ലെത്തീസ്യ എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ ഇതു വിശദീകരിക്കുന്നുണ്ട്. സ്നേഹം എങ്ങനെ ജീവിതത്തില്‍ പ്രയോഗിക്കാം, കുടുംബത്തില്‍ സ്നേഹം എപ്രകാരം ജീവിക്കാം എന്നതാണ് ആ പ്രബോധനത്തില്‍ പറയുന്നത്. സ്നേഹത്തിന് അതിന്‍റേതായ ശക്തിയുണ്ട്. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല – മാര്‍പാപ്പ പറഞ്ഞു. ഇറ്റലിയില്‍ നടക്കുന്ന ഒരു യുവജനസമ്മേളനത്തിന് അയച്ച വീഡിയോ സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ഈ വാക്കുകള്‍.

യുവജനങ്ങളായിട്ടാണോ, വൃദ്ധരായ യുവജനങ്ങളായിട്ടാണോ തങ്ങള്‍ ജീവിക്കുന്നതെന്ന് ഓരോ യുവാവും ആത്മപരിശോധന നടത്തണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു. വൃദ്ധരായ യുവജനങ്ങളാണു നിങ്ങളെങ്കില്‍ നിങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ യുവത്വമുള്ള യുവജനങ്ങളായിരിക്കണം. പരിവര്‍ത്തിപ്പിക്കാന്‍ കരുത്തുള്ള യുവജനങ്ങള്‍. ജീവിതത്തില്‍ ഒരിടത്തു വാസമുറപ്പിക്കുന്നവരാകരുത് യുവജനങ്ങള്‍. അതായത്, നിശ്ചലത പ്രാപിക്കരുത്. നിരന്തരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുക – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org