ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാന്‍ വന്ന നല്ലിടയനെ വൈദികര്‍ മാതൃകയാക്കുക ഫ്രാന്‍സിസ് മാര്‍പാപ്പ

ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാന്‍ വന്ന  നല്ലിടയനെ വൈദികര്‍ മാതൃകയാക്കുക ഫ്രാന്‍സിസ് മാര്‍പാപ്പ

ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാന്‍ വന്ന നല്ലിടയനായ ക്രിസ്തുവിനെ മാതൃകയാക്കേണ്ടവരാണ് വൈദികരെന്ന് 16 പേര്‍ക്ക് പൗരോഹിത്യം നല്‍കിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ക്കിടയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവരാണ് തങ്ങളെന്ന ബോദ്ധ്യം വൈദികര്‍ക്കുണ്ടാകണം. ദൈവത്തെ പ്രീതിപ്പെടുത്തുകയാകണം അവരുടെ ഏകലക്ഷ്യം – മാര്‍പാപ്പ പറഞ്ഞു. നല്ലിടയന്‍റെ തിരുനാള്‍ ദിനത്തില്‍ സെ.പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള തിരുപ്പട്ടശുശ്രൂഷ. ദൈവവിളിക്കുവേണ്ടിയുള്ള ലോക പ്രാര്‍ത്ഥനാദിനം കൂടിയായിരുന്നു അത്. റോം രൂപതയിലെ വിവിധ സെമിനാരികളില്‍ വൈദികപരിശീലനം നടത്തിയവര്‍ക്കാണു പാപ്പ പട്ടം നല്‍കിയത്. മഡഗാസ്കര്‍, വിയറ്റ്നാം, മ്യാന്‍മാര്‍, കൊളംബിയ, സാന്‍ സാല്‍വദോര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു നവവൈദികര്‍.

കരുണ കാണിക്കുന്നതില്‍ മടുപ്പു തോന്നരുതെന്നു മാര്‍പാപ്പ നവവൈദികരെ ഉപദേശിച്ചു. സ്വന്തം പാപങ്ങള്‍ക്കു ക്രിസ്തു ക്ഷമ നല്‍കുന്നതോര്‍ക്കുക. കരുണയുള്ളവരായിരിക്കുക. നിങ്ങളുടെ ശുശ്രൂഷയിലൂടെയാണ് വിശ്വാസികളുടെ ആത്മീയത്യാഗങ്ങള്‍ പൂര്‍ണത പ്രാപിക്കുന്നത്. കാരണം ക്രിസ്തുവിന്‍റെ ബലിയിലേയ്ക്കാണ് അതു ചേര്‍ത്തു വയ്ക്കപ്പെടുന്നത്. ഈ ബലി രക്തരഹിതമായി അള്‍ത്താരകളില്‍ അര്‍പ്പിക്കുന്നതു നിങ്ങളാണല്ലോ. – മാര്‍പാപ്പ വിശദീകരിച്ചു. ദൈവവചനം വായിച്ചു ധ്യാനിക്കുന്നതില്‍ മടുപ്പു കാണിക്കരുതെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org