‘മനുഷ്യജീവന്‍റെ’ രചനയ്ക്കു പോള്‍ ആറാമന്‍ അനേകരെ സഹകരിപ്പിച്ചു

‘മനുഷ്യജീവന്‍റെ’ രചനയ്ക്കു പോള്‍ ആറാമന്‍ അനേകരെ സഹകരിപ്പിച്ചു

ആധുനിക സഭയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ചാക്രികലേഖനമായ ഹ്യുമാനേ വീത്തേ (മനുഷ്യജീവന്‍) രചിക്കുന്നതിനു പോള്‍ ആറാമന്‍ മാര്‍പാപ്പ അനേകരുമായി ആലോചനകള്‍ നടത്തിയിരുന്നുവെന്ന് ഈ ചാക്രികലേഖനത്തിന്‍റെ ചരിത്രത്തെക്കുറിച്ചുള്ള പുതിയ പഠനഗ്രന്ഥം വെളിപ്പെടുത്തുന്നു. വത്തിക്കാനിലെ നിരവധി രേഖകള്‍ പരിശോധിച്ചു തയ്യാറാക്കിയ 'ഒരു ചാക്രികലേഖനത്തിന്‍റെ ജനനം' എന്ന ഗ്രന്ഥം മനുഷ്യജീവന്‍റെ നിരവധി പിന്നാമ്പുറക്കഥകളിലേയ്ക്കു വെളിച്ചം വീശുന്നുണ്ട്. വത്തിക്കാന്‍ രേഖാലയത്തില്‍ ഈ ചാക്രികലേഖനവുമായി ബന്ധപ്പെട്ടു സൂക്ഷിച്ചിരിക്കുന്ന എല്ലാ രേഖകളും പരിശോധിച്ചാണ് പ്രൊഫ. ഗില്‍ഫ്രെഡോ മാറെംഗോ ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. വത്തിക്കാനിലെ ചില രേഖകള്‍ 70 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ഗവേഷകര്‍ക്കു ലഭ്യമാക്കുകയുള്ളൂ എന്നതിനാല്‍ മാര്‍പാപ്പയുടെ പ്രത്യേക അനുമതി വാങ്ങിയായിരുന്നു രേഖകളുടെ പരിശോധനയും ഗ്രന്ഥരചനയും. ചാക്രികലേഖനം പ്രസിദ്ധീകൃതമായതിന്‍റെ അമ്പതാം വാര്‍ഷികം ജൂലൈ 29 നു ആഘോഷിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഈ ഗ്രന്ഥം പുറത്തു വരുന്നത്.

അന്തിമരൂപത്തിലേയ്ക്ക് എത്തുന്നതിനു മുമ്പ് നിരവധി കരടുകള്‍ ചാക്രികലേഖനത്തിനായി തയ്യാറാക്കിയിരുന്നതായി ഗ്രന്ഥകാരന്‍ പറയുന്നു. പോള്‍ ആറാമന്‍ മാര്‍പാപ്പ ഒറ്റയ്ക്കല്ല ഇതു സംബന്ധിച്ച തീരുമാനങ്ങളെല്ലാമെടുത്തതെന്നു വ്യക്തമാണ്. എന്നാല്‍ ചാക്രികലേഖനം പുറത്തു വന്ന ശേഷം മാര്‍പാപ്പ ഏതാണ്ട് ഒറ്റപ്പെട്ടവനെ പോലെ ഇതു സംബന്ധിച്ച സംവാദങ്ങളില്‍ കാണപ്പെട്ടു. കൃത്രിമ ജനനനിയന്ത്രണം പോലുള്ള കാര്യങ്ങളില്‍ സഭ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് യാതൊരു സന്ദേഹവും മാര്‍പാപ്പയ്ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ആ നിലപാട് സന്തുലിതവും ബോദ്ധ്യപ്പെടുത്തുന്നതും അജപാലനപരമായി ഫലദായകവുമായ രീതിയില്‍ പ്രകാശിപ്പിക്കുന്നതിനുള്ള ഭാഷ കണ്ടെത്തുന്നതിനു ബുദ്ധിമുട്ടുകള്‍ നേരിട്ടു.

ഈ ചാക്രികലേഖനത്തിലേയ്ക്കുള്ള പ്രയാണം സഭയാരംഭിക്കുന്നത് 1963 ലാണ്. അന്നു വിവാഹം, കുടുംബം, ജനനനിയന്ത്രണം എന്നിവയെ കുറിച്ചു പഠിക്കുന്നതിന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ ഒരു കമ്മീഷനെ നിയോഗിച്ചു. വൈകാതെ ജോണ്‍ മാര്‍പാപ്പ മരണമടഞ്ഞു. തുടര്‍ന്ന് അധികാരത്തിലെത്തിയ പോള്‍ മാര്‍പാപ്പ ഈ കമ്മീഷന്‍റെ അംഗസംഖ്യ 6-ല്‍ നിന്നു 12 ആയി ഉയര്‍ത്തി. 1965-ല്‍ കമ്മീഷന്‍റെ അംഗസംഖ്യ 75 ആയി ഉയര്‍ത്തി. ഇവര്‍ നടത്തിയ നിരന്തരമായ ചര്‍ച്ചകളുടെ ഫലമാണ് ചാക്രികലേഖനത്തിലേയ്ക്കു നയിച്ചത്. പൊതുസംവാദത്തിലുള്ള കൃത്രിമ ജനനനിയന്ത്രണമെന്ന വിഷയം വ്യക്തതയോടെ പറയാന്‍ സഭയ്ക്കു സാധിക്കണമെന്ന നിര്‍ബന്ധം മാര്‍പാപ്പയുടേതായിരുന്നുവെന്ന് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org