നിരപരാധികളെ സംരക്ഷിക്കണമെന്ന് അസ്സദിനോടു മാര്‍പാപ്പ

നിരപരാധികളെ സംരക്ഷിക്കണമെന്ന് അസ്സദിനോടു മാര്‍പാപ്പ

സിറിയയിലെ ദുര്‍ബലരും നിസ്സഹായരുമായ പൗരസമൂഹത്തെ സംരക്ഷിക്കുന്നതിനു ശ്രദ്ധിക്കണമെന്നു സിറിയന്‍ പ്രസിഡന്‍റ് ബഷര്‍ അല്‍ അസ്സദിനോടു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. തുര്‍ക്കി അതിര്‍ത്തിയിലുള്ള ഇദ്ലിബില്‍ നടക്കുന്ന ബോംബ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സിറിയന്‍ ഭരണകൂടത്തിന്‍റെ പ്രത്യേകമായ ഇടപെടല്‍ ആവശ്യപ്പെട്ടു എഴുതിയ കത്തില്‍, അന്താരാഷ്ട്ര മാനവീക നിയമങ്ങള്‍ പാലിക്കണമെന്ന് മാര്‍ പാപ്പ അസദിനോട് നിര്‍ദേശിച്ചു. ദമാസ്കസിലെത്തി അസദിനെ കണ്ട വത്തിക്കാന്‍ മനുഷ്യവികസനകാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ പീറ്റര്‍ ടര്‍ക്സണ്‍ മാര്‍പാപ്പയുടെ കത്തു നേരിട്ടു കൈമാറുകയായിരുന്നു.

വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബില്‍ റഷ്യയുടെ സഹായത്തോടെ സിറിയന്‍ ഭരണകൂടമാണ് വ്യോമാക്രമണങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച ഈ ആക്രമണത്തിന്‍റെ ഫലമായി രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും ലക്ഷകണക്കിനാളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. ഏറ്റവുമൊടുവില്‍ നടന്ന ഒരു സ്ഫോടനത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. പൗരന്മാരുടെ ജീവന്‍, സ്കൂളുകളും ആശുപത്രികളും പോലുള്ള പ്രധാന സ്ഥാപനങ്ങള്‍ എന്നിവയ്ക്കു ഹാനിയുണ്ടാകാത്ത വിധത്തിലാകണം വിമതര്‍ക്കെതിരായ നടപടികളെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. സിറിയയില്‍ വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരം തേടണമെന്നാണ് മാര്‍പാപ്പ ആഗ്രഹിക്കുന്നതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ പറഞ്ഞു. സംഭാഷണങ്ങള്‍ അവസാനിച്ചിരിക്കുന്നതില്‍ പാപ്പ ഉത്കണ്ഠാകുലനാണ്. നയതന്ത്ര, സംഭാഷണ നടപടികള്‍ തന്നെയാണു ശാശ്വതപരിഹാരത്തിനാവശ്യം. യുദ്ധം യുദ്ധത്തിനും അക്രമം അക്രമത്തിനും വഴിതെളിക്കുന്നുവെന്ന് മാര്‍പാപ്പ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിരവധി പ്രായോഗിക നടപടികള്‍ മാര്‍പാപ്പ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കാര്‍ഡിനല്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org