കോവിഡ്: മരണപ്പെട്ട വൈദികര്‍ക്കും ഡോക്ടര്‍മാര്‍ക്കും മാര്‍പാപ്പയുടെ പ്രത്യേക പ്രാര്‍ത്ഥന

കോവിഡ്: മരണപ്പെട്ട വൈദികര്‍ക്കും ഡോക്ടര്‍മാര്‍ക്കും മാര്‍പാപ്പയുടെ പ്രത്യേക പ്രാര്‍ത്ഥന

കോവിഡ് പകര്‍ച്ചവ്യാധിയില്‍ അകപ്പെട്ടവര്‍ക്കു വേണ്ടിയുള്ള സേവനങ്ങള്‍ക്കിടെ മരണപ്പെട്ട വൈദികരേയും ഡോക്ടര്‍മാരേയും നല്ലിടയന്‍റെ തിരുനാള്‍ ദിനത്തില്‍ നല്‍കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം അനുസ്മരിച്ചു. ഇറ്റലിയില്‍ മാത്രം നൂറിലേറെ വൈദികരും 154 ഡോക്ടര്‍മാരും കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്. വൈദികരും ഡോക്ടര്‍മാരുമായ ഈ അജപാലകരുടെ മാതൃക ദൈവജനത്തിനു കരുതലേകുന്നതില്‍ നമുക്കു മാതൃകയാകട്ടെയെന്നു മാര്‍പാപ്പ ആശംസിച്ചു. ജനങ്ങളുടെ നന്മയ്ക്കു വേണ്ടി കരുതലേകുന്ന ഡോക്ടര്‍മാരും വൈദികരും ദൈവജനത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിക്കുന്ന അജപാലകരാണ്. അവര്‍ നല്ലിടയനായ യേശുക്രിസ്തുവിനെയാണ് ഓര്‍മ്മിപ്പിക്കുന്നത് – മാര്‍പാപ്പ വിശദീകരിച്ചു.

സൗമ്യതയാണു നല്ലിടയന്‍റെ അടയാളങ്ങളിലൊന്ന് എന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. നല്ലിടയന്‍ ആടുകളെ ശ്രവിക്കുന്നു, ആടുകളെ നയിക്കുന്നു, അവരെ ചികിത്സിക്കുന്നു. ഇടയന്മാരെ പരസ്പരം തിരിച്ചറിയുന്നതെങ്ങനെ എന്ന് ആടുകള്‍ക്കറിയാം. നല്ലിടയനെ അജഗണം വിശ്വസിക്കുന്നു, യേശുവിനെ വിശ്വസിക്കുന്നു – മാര്‍പാപ്പ പറഞ്ഞു.

കോവിഡ് രോഗബാധിതരോടും അവരെ പരിചരിക്കുന്നവരോടും തന്‍റെ ഹൃദയൈക്യം മാര്‍പാപ്പ ആവര്‍ത്തിച്ചു പ്രകടിപ്പിച്ചു. പകര്‍ച്ചവ്യാധിയെ നേരിടുന്നതിനായി ഉണ്ടായിരിക്കുന്ന അന്താരാഷ്ട്ര സഹകരണത്തിനു മാര്‍പാപ്പ പിന്തുണ പ്രഖ്യാപിച്ചു. നിസ്വാര്‍ത്ഥവും സുതാര്യവുമായ വിധത്തില്‍ എല്ലാ ശാസ്ത്രീയ വൈദഗ്ദ്ധ്യങ്ങളേയും ഒന്നിച്ചു ചേര്‍ക്കുക പ്രധാനമാണ്. ലോകത്തിന്‍റെ എല്ലാ ഭാഗത്തുമുള്ള എല്ലാ രോഗബാധിതര്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ വാക്സിനുകളും ചികിത്സകളും വികസിപ്പിക്കപ്പെടണം – മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org