മാര്‍പാപ്പ ചിലെയിലെ വനിതകളുടെ ജയില്‍ സന്ദര്‍ശിച്ചു

മാര്‍പാപ്പ ചിലെയിലെ വനിതകളുടെ ജയില്‍ സന്ദര്‍ശിച്ചു

ചിലെയിലെത്തിയ മാര്‍പാപ്പ ആദ്യദിനം തന്നെ വനിതകളുടെ ജയിലില്‍ ചെന്ന് അന്തേവാസികളെ കാണാന്‍ സമയം കണ്ടെത്തി. അഞ്ഞൂറോളം തടവുകാരെയും ചാപ്ലിനെയുമാണ് മാര്‍പാപ്പ കണ്ടത്. 150 വര്‍ഷം മുമ്പു നിര്‍മ്മിച്ച ഈ ജയിലില്‍ ഇപ്പോള്‍ 1400 പേര്‍ ശിക്ഷയനുഭവിച്ചു വരുന്നുണ്ട്. മയക്കുമരുന്നു കടത്തു മുതല്‍ കൊലപാതകം വരെയുള്ള കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടവരാണ് ഈ ജയിലിലുള്ളത്. ശിക്ഷ കഴിഞ്ഞിറങ്ങിയാല്‍ മാന്യമായ തൊഴിലുകളെടുത്ത് ജീവിക്കാന്‍ ഈ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനു സഭയുടെ നേതൃത്വത്തില്‍ തൊഴില്‍ പരിശീലനവും മറ്റും ജയിലുകളില്‍ നല്‍കുന്നുണ്ട്. ഒരു സന്യാസിനീസമൂഹത്തിനാണ് ജയിലിന്‍റെ നടത്തിപ്പ്. 1980 വരെ ഇരുന്നൂറില്‍ താഴെ മാത്രമായിരുന്നു അന്തേവാസികളുടെ എണ്ണം. എന്നാല്‍ മയക്കുമരുന്നുപയോഗവും വ്യാപാരവും വര്‍ദ്ധിച്ചതോടെ ജയിലില്‍ ശിക്ഷിക്കപ്പെട്ട് എത്തുന്ന വനിതകളുടെ എണ്ണവും കുത്തനെ കൂടുകയായിരുന്നു.

ഭാവിയില്ലാത്തവരായി സ്വയം കരുതരുതെന്നും വ്യക്തിപരമായി വളരുന്നതിനുള്ള അവസരങ്ങള്‍ എപ്പോഴും തേടണമെന്നും മാര്‍പാപ്പ ജയിലിലെ വനിതകളോട് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം നഷ്ടമാകുക എന്നാല്‍ സ്വപ്നങ്ങളും പ്രത്യാശകളും നഷ്ടമാകുക എന്നല്ല. സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോള്‍ അന്തസ്സ് നഷ്ടമാകുന്നില്ല. ഒരു ഭാവിയെ പടുത്തുയര്‍ത്താന്‍ നിങ്ങള്‍ നടത്തുന്ന പരിശ്രമങ്ങളെല്ലാം ഇന്നല്ലെങ്കില്‍ നാളെ ഫലവത്താകും – മാര്‍പാപ്പ പറഞ്ഞു. തടവുശിക്ഷ അനുഭവിക്കുന്ന ഏതാനും സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ മാര്‍പാപ്പയുമായി പങ്കുവച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org