Latest News
|^| Home -> International -> മാര്‍പാപ്പ റൊമേനിയായും മൊറോക്കോയും സന്ദര്‍ശിക്കും

മാര്‍പാപ്പ റൊമേനിയായും മൊറോക്കോയും സന്ദര്‍ശിക്കും

Sathyadeepam

2019-ല്‍ ഫ്രാന്‍സിസ് മാര്‍ പാപ്പ മൊറോക്കോ സന്ദര്‍ശിക്കുമെന്നു വത്തിക്കാന്‍ വക്താവ് അറിയിച്ചു. മുസ്ലീം രാജ്യമായ മൊറോക്കോയുടെ രാജാവ് മുഹമ്മദ് ആറാമന്‍റെയും സഭയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് മാര്‍ച്ച് അവസാനദിവസങ്ങളിലെ സന്ദര്‍ശനം. 1985-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മൊറോക്കോ സന്ദര്‍ശിച്ചിട്ടുണ്ട്. 2.9 കോടി ജനങ്ങളുള്ള മൊറോക്കോയില്‍ 21,000 കത്തോലിക്കര്‍ മാത്രമാണുള്ളത്. ജനസംഖ്യയുടെ 0.1 ശതമാനം. രണ്ടു രൂപതകളുണ്ട്.

2019-ല്‍ തന്നെ മാര്‍പാപ്പ റൊമേനിയയും സന്ദര്‍ശിക്കുമെന്ന് റൊമേനിയന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ അറിയിക്കുന്നു. മുന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ റൊമേനിയയില്‍ 8.7 ലക്ഷം കത്തോലിക്കരുണ്ട്. ജനസംഖ്യയുടെ 4.3 ശതമാനം വരുമിത്. റൊമേനിയന്‍ കത്തോലിക്കാസഭയില്‍ 17 മെത്രാന്മാരുണ്ട്. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയാണ് ഇവിടെ ഭൂരിപക്ഷം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന 1948-ല്‍ ഗ്രീക്ക് കത്തോലിക്കാസഭയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും സഭയുടെ പള്ളികളടക്കമുള്ള 2500 കെട്ടിടങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത് ഓര്‍ത്തഡോക്സ് സഭയ്ക്കു നല്‍കുകയും ചെയ്തു. 1989-ല്‍ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം തകര്‍ന്നതിനു ശേഷം ഗ്രീക്ക് കത്തോലിക്കാസഭയെ വീണ്ടും നിയമവിധേയമാക്കി. അന്നു മുതല്‍, പണ്ടു പിടിച്ചെടുത്ത സ്വത്തുക്കള്‍ ഓര്‍ത്തഡോക്സ് സഭയില്‍നിന്നു വീണ്ടെടുക്കുന്നതിനുള്ള യത്നത്തിലാണ് ഗ്രീക്ക് കത്തോലിക്കാസഭ. ഇത് ഇരുസഭകളും തമ്മിലുള്ള ബന്ധത്തില്‍ അല്‍പം പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. 1999-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ റൊമേനിയ സന്ദര്‍ശിച്ചിരുന്നു.

Leave a Comment

*
*