‘പോപ് ഫ്രാന്‍സിസ്’ ആശുപത്രിക്കപ്പല്‍ കോവിഡ് വിരുദ്ധ പോരാട്ടത്തില്‍

‘പോപ് ഫ്രാന്‍സിസ്’ ആശുപത്രിക്കപ്പല്‍ കോവിഡ് വിരുദ്ധ പോരാട്ടത്തില്‍

ആമസോണ്‍ തീരങ്ങളിലെ കോവിഡ് ബാധിതര്‍ക്കു ചികിത്സയെത്തിക്കുന്നതില്‍ 'പോപ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ഷിപ്' ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്നു. വൈദ്യശുശ്രൂഷാ ഉപകരണങ്ങളും മരുന്നുകളും നിരവധി സ്ഥലങ്ങളിലെത്തിക്കുവാന്‍ നദിയിലൂടെ ഈ സഞ്ചരിക്കുന്ന ആശുപത്രിയ്ക്കു സാധിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആശുപത്രിക്കപ്പല്‍ ഇതിനകം ആമസോണ്‍ നദീതീരങ്ങളിലെ 7 ലക്ഷത്തില്‍ പരം ജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കിയിട്ടണ്ട്. അവരില്‍ ബഹുഭൂരിപക്ഷവും ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളില്‍ അധിവസിക്കുന്ന ആദിവാസികളാണ്.
ആമസോണ്‍ കാടുകളിലെ ആദിവാസികളുടെ ജീവിതത്തിനു കോവിഡ് വലിയ ഭീഷണി ആയേക്കാമെന്നു വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബ്രസീലില്‍ കോവിഡ് മൂലമുള്ള മരണനിരക്ക് ആഗോളശരാശരിയുടെ ഇരട്ടി ആയതിനാല്‍ സ്ഥിതി ആശങ്കാജനകമാണ്. ഈ സാഹചര്യത്തില്‍ സഭ പ്രവര്‍ത്തിപ്പിക്കുന്ന 'പോപ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ഷിപ്പിന്‍റെ' സേവനം നിര്‍ണായകമാകുന്നു.


കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് "പോപ് ഫ്രാന്‍സിസ്" പ്രവര്‍ത്തനമാരംഭിച്ചത്. ഇവരുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തയക്കുകയും ഒരു അള്‍ട്രാ സൗണ്ട് സ്കാനിംഗ് യന്ത്രം സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. വിവേചനങ്ങളൊന്നുമില്ലാതെ എല്ലാവരേയും സ്വീകരിച്ചു ചികിത്സിക്കേണ്ട 'യുദ്ധഭൂമിയിലെ ആശുപത്രിയാണു' സഭയെന്ന് ആശുപത്രി പ്രവര്‍ത്തകരെ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

32 അടി നീളമുള്ള ബോട്ടില്‍ സജ്ജമാക്കിയിരിക്കുന്ന ആശുപത്രിയില്‍ കള്‍സല്‍ട്ടിംഗ് മുറികള്‍ കൂടാതെ ഒരു ഓപറേഷന്‍ തിയേറ്റര്‍, ലബോറട്ടറി, ഫാര്‍മസി, വാക്സിനേഷന്‍ കേന്ദ്രം തുടങ്ങിയവയും ഉണ്ട്. 23 ആരോഗ്യപ്രവര്‍ത്തകര്‍ ഇതില്‍ ജോലി ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org