പ്രളയ ദുരന്തത്തിന്‍റെ ഇരകളുടെ പുനരധിവാസത്തിന് സഹകരിക്കുക: കെസിബിസി

കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസത്തിനും പുനരധിവാസത്തിനുമായി എല്ലാവരും സഹകരിക്കണമെന്ന് കെസിബിസി ആഹ്വാനം ചെയ്തു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഇതു സംബന്ധിച്ച് കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് സൂസപാക്യം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. ദുരന്ത മേഖലകളില്‍ കത്തോലിക്കാസഭയുടെ സാമൂഹ്യസേവന വിഭാഗം സജീവമായിരുന്നു. കെസിബിസി സാമൂഹ്യക്ഷേമ വിഭാഗം ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്, ദുരിത മേഖലയിലുള്ള ബിഷപ്പുമാര്‍, കേരള സര്‍വീസ് സോഷ്യല്‍ ഫോറം എന്നിവര്‍ക്കു പുറമെ ബത്തേരി, കണ്ണൂര്‍, കോഴിക്കോട്, മാനന്തവാടി, പാലക്കാട്, തലശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികളും മറ്റും അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്ന് സര്‍ക്കുലറില്‍ ആര്‍ച്ചുബിഷപ് സൂസപാക്യം ചൂണ്ടിക്കാട്ടി.

അടിയന്തിര സഹായമായി കെസിബിസി 10 ലക്ഷം രൂപ അനുവദിച്ചു. എല്ലാ രൂപതകളും ഇടവകകളും സ്ഥാപനങ്ങളും കെസിബിസി യുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കണമെന്ന് ആര്‍ച്ചുബിഷപ് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധപ്രവര്‍ത്തകരും ദുരന്തബാധിതരുടെ സഹായതതിനെത്തിയത് നാടിന്‍റെ നന്മ വീണ്ടും വിളിച്ചോതുന്നതാണ്. കത്തോലിക്കാ ഇടവകകളും സ്ഥാപനങ്ങളും സന്യാസ ഭവനങ്ങളുമെല്ലാം രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുമെല്ലാം സജീവമായി സഹകരിക്കുകയുണ്ടായി. മത്സ്യത്തൊഴിലാളികളും യുവജനങ്ങളും വൈദികരും സന്യസ്തരും ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളോടു കൈകോര്‍ത്തു ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും സഹായഹസ്തം നീട്ടിയത് ദുരിതബാധിതര്‍ക്ക് കുറെയെങ്കിലും ആശ്വാസം പകരുന്നതായിരുന്നുവെന്ന് ആര്‍ച്ചുബിഷപ് സൂസപാക്യം പറഞ്ഞു. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 25 ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്നും അന്ന് ഇടവകകളിലും മറ്റും സമാഹരിക്കുന്ന സംഭാവനകള്‍ കെസിബിസിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് ആ വിവരം കെസിബിസി സെക്രട്ടറിയേറ്റിനെ അറിയിക്കണമെന്നും സര്‍ക്കുലറില്‍ ആര്‍ച്ചുബിഷപ് സൂസപാക്യം നിര്‍ദ്ദേശിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org