പ്രളയദുരന്തം: 19000 കോടി രൂപയുടെ പാക്കേജ് വേണം രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കേരളത്തിലുണ്ടായ പ്രളയദുരന്തം കാര്‍ഷികമേഖലയെ തകര്‍ത്തുവെന്നും അതിനാല്‍ സംസ്ഥാനത്തെ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 19000 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ കിസാന്‍ മഹാസംഘ് കേന്ദ്ര കൃഷിമന്ത്രിക്കും കേന്ദ്ര ധനകാര്യമന്ത്രിക്കും നിവേദനം നല്‍കി. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനര്‍ പി.റ്റി. ജോണ്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

കേരളത്തെ പ്രളയദുരന്തം എങ്ങനെ ബാധിച്ചുവെന്ന് കൃത്യമായി പറയുന്ന നിവേദനത്തില്‍ കാര്‍ഷികമേഖലയെ എങ്ങനെയാണ് ബാധിച്ചതെന്നും വ്യക്തമാക്കുന്നു. കൃഷിഭൂമി ഉപയോഗയോഗ്യമല്ലാതായതും തോട്ടവിളകള്‍ക്കുണ്ടായ നാശവും എടുത്തുപറഞ്ഞിട്ടുണ്ട്. വിവിധ കൃഷികളും വളര്‍ത്തുമൃഗങ്ങളും കോഴിവര്‍ഗങ്ങളും ഉള്‍പ്പെടെ കേരളത്തിലെ കര്‍ഷകനുണ്ടായ ആകെ നഷ്ടം കേരള കൃഷിവകുപ്പ് തയ്യാറാക്കിയതനുസരിച്ച് 19000 കോടി ആണെന്നും നിവേദനത്തില്‍ പറയുന്നു. ആഗോളവല്‍ക്കരണം മൂലമുള്ള അനിയന്ത്രിതമായ കാര്‍ഷികോല്പന്ന ഇറക്കുമതി സൃഷ്ടിച്ച വിലത്തകര്‍ച്ചയില്‍ കര്‍ഷകര്‍ കടക്കെണിയില്‍ മുങ്ങിത്താഴുന്ന അവസ്ഥയിലാണ് പ്രളയം വന്നതെന്നും അതിനാല്‍ തന്നെ കര്‍ഷകന് വീണ്ടും കൃഷി ആരംഭിക്കുവാനും ഉപജീവനത്തിനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്ലാതെ സാധിക്കില്ലെന്നും നിവേദനത്തില്‍ പറയുന്നു. കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആത്മഹത്യകള്‍ തടയാന്‍ എത്രയും പെട്ടെന്ന് 19000 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org