പ്രളയസെസ് അടിച്ചേല്‍പ്പിക്കുകയല്ല സാമ്പത്തിക അച്ചടക്കം നടപ്പിലാ ക്കുകയാണ് വേണ്ടത്: ഇന്‍ഫാം

പ്രളയസെസ് ഏര്‍പ്പെടുത്തി ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്പിച്ച് ദ്രോഹിക്കാതെ ധൂര്‍ത്തും അഴിമതിയും ആഡംബരവും കെടുകാര്യസ്ഥതയും ഇല്ലാതാക്കി ഭരണരംഗത്ത് സാമ്പത്തിക അച്ചടക്കം നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്‍റ് (ഇന്‍ഫാം) ആവശ്യപ്പെട്ടു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനാവാതെ അതിരൂക്ഷമായി തുടരുമ്പോള്‍ പ്രളയസെസ് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രഹരമേല്പിക്കും. ചിലയിനങ്ങളെ സെസില്‍ നിന്നൊഴിവാക്കുമെന്ന് പറയുന്നുവെങ്കിലും വിലക്കയറ്റം ഉറപ്പാണ്. പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും ജനങ്ങളിലെത്തിക്കുവാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിനോടകം പരാജയപ്പെട്ടു. ദുരിതാശ്വാസത്തിന്‍റെ മറവില്‍ ഉദ്യോഗസ്ഥരും കരാറുകാരും ജനപ്രതിനിധികളുമാണ് നേട്ടങ്ങളുണ്ടാക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് പ്രളയ സെസ് എന്ന അമിതഭാരംകൂടി ജനങ്ങള്‍ നേരിടേണ്ടത്. പ്രളയദുരിതബാധിതപ്രദേശങ്ങളിലെ ജനങ്ങളും സെസ് കൊടുക്കാന്‍ ബാധ്യസ്ഥരാണ്.

അടിയന്തരസാഹചര്യങ്ങളെ അതിജീവിക്കാന്‍ സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ ഏര്‍പ്പെടുത്തിയ സെസുകള്‍ ഇപ്പോഴും തുടരുന്നതും ഇങ്ങനെ സമാഹരിക്കുന്ന ധനം വകമാറ്റി ചെലവഴിക്കുന്നതും അന്വേഷണവിധേയമാക്കണം. പ്രളയദുരിതാശ്വാസനിധിയിലെ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നുവെന്നതിന്‍റെ തെളിവുകള്‍ പരസ്യമായി പല കോണുകളില്‍ നിന്നുയരുന്നത് ഗൗരവമായിട്ടെടുക്കണം. രാഷ്ട്രീയ നേതൃത്വങ്ങളെ കുത്തിനിറച്ചിരിക്കുന്ന വിവിധ ബോര്‍ഡുകളും കോര്‍പ്പറേഷനുകളും പി എസ്സി ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളും സര്‍ക്കാരിനുണ്ടാക്കുന്ന അധികബാധ്യതകള്‍ പഠനവിഷയമാക്കണം. 11-ാം ശമ്പള പരിഷ്കരണ ശിപാര്‍ശകളിന്മേല്‍ നടപടികള്‍ക്ക് മുതിരാതെയും ഭരണച്ചെലവ് വെട്ടിച്ചുരുക്കിയും സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പിലാക്കാതെയും ജനങ്ങളെ പ്രളയസെസിലൂടെ ദ്രോഹിക്കുന്നത് എതിര്‍ക്കപ്പെടണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org