പ്രളയത്തിന്‍റെ ആഘാതവും പ്രളയാനന്തര സാഹചര്യങ്ങളും വിശകലനം ചെയ്യണം: കെ സി ബി സി

കേരളത്തിലെ പ്രളയത്തിന്‍റെ ആഘാതവും പ്രളയാനന്തര സാഹചര്യങ്ങളും വിശകലനം ചെയ്ത് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളായ ദളിത്-ആദിവാസി വിഭാഗങ്ങള്‍, ചെറുകിട കര്‍ഷകര്‍, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍, കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, ചെറുകിട തൊഴില്‍ സംരംഭകര്‍, ദൈനംദിന തൊഴിലാളികള്‍, കിടപ്പുരോഗികള്‍ എന്നിവര്‍ പ്രത്യേകം പരിഗണിക്കപ്പെടണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ സംസ്ഥാനത്തെ പ്രളയാനന്തര സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന സമ്മേളനത്തിലാണ് സര്‍ക്കാരിനു മുന്നില്‍ ഇക്കാര്യങ്ങല്‍ അവതരിപ്പിച്ചത്.

വീടുകളുടെ സമ്പൂര്‍ണമായ നാശം, കേടുപാടുകള്‍ എന്നിവ വിലയിരുത്തുന്നതിന് സാങ്കേതിക വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കണം. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ വീടുകളോടൊപ്പം കിണറുകളും മറ്റു ശുദ്ധജല സ്രോതസ്സുകളും ഉള്‍പ്പെടുത്തണം. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിതര ഏജന്‍സികളുമായുള്ള ഏകോപനം ഫലപ്രദമാക്കണം. കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് രൂപീകരിക്കുകയും കുട്ടനാട്, ഇടുക്കി, വയനാട് ജില്ലകള്‍ക്ക് ദീര്‍ഘകാല പുനരധിവാസ പദ്ധതികള്‍ ആവിഷ്കരിക്കുകയും വേണം.

ആഗസ്റ്റ 21-ാം തീയതിവരെയുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ 2891 വൈദികരും 6737 സ ന്ന്യാസിനികളും 69,821 യുവജനങ്ങളും 99,705 സന്നദ്ധപ്രവര്‍ത്തകരും നേരിട്ടു പങ്കെടുത്തതായി കെസിബിസി വൃത്തങ്ങള്‍ അറിയിച്ചു. 4094 ക്യാമ്പുകളുടെ നടത്തിപ്പിനായി 26,27,48,350 രൂപ ചെലവഴിച്ചു. ടോറസ്, ടിപ്പര്‍, 437 ബോട്ടുകള്‍, 329 വള്ളങ്ങള്‍, 1516 മറ്റു വാഹനങ്ങള്‍ എന്നിവയും രക്ഷാദൗത്യത്തിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കപ്പെട്ടു. രക്ഷാദൗത്യം സ്വന്തം ചുമതലയായി ഏറ്റെടുത്ത മത്സ്യത്തൊഴിലാളികളുടെ സേവനം രക്ഷാദൗത്യത്തിലെ തിളങ്ങുന്ന അധ്യായമായെന്നും യോഗം വിലയിരുത്തി. സഭയുടെ മുഴുവന്‍ സംവിധാനങ്ങളും സ്ഥാപനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ ജാഗ്രത പുലര്‍ത്തിയെന്നും യോഗം വിലയിരുത്തി. സിബിസിഐയുടെ സാമൂഹ്യക്ഷേമ സംവിധാനമായ കാരിത്താസ് ഇന്ത്യ ഉള്‍പ്പെടെ 35 സമൂഹ്യസേവന സംഘടനകളുടെയും സന്ന്യാസസമൂഹങ്ങളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org